കോട്ടയം: ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച പാലാ കടനാട് സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇടുക്കിയിലെ ക്വാറൈന്റെൻ സെന്ററിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്ന് പുലർച്ചയോടെയാണ്  മാറ്റിയത്.അതിനിടെ കോട്ടയത്തെ കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് തിരുവാർപ്പ് പഞ്ചായത്തിനെയും ഒഴിവാക്കി.

കഴിഞ്ഞമാസം 20 നാണ് കോട്ടയം കടനാട് സ്വദേശിയായ 65 കാരി ഒാസ്ട്രേലിയയിൽ നിന്ന് ദില്ലിയിലെത്തിയത്.അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം റോഡ് മാർഗ്ഗം 7 സംസ്ഥാനങ്ങൾ പിന്നിട്ട് ഈ മാസം 16ന് കമ്പംമേട്ടിലെത്തി. ഇവിടെവെച്ച് പൊലീസ് തടഞ്ഞു.തുടർന്ന് ഇടുക്കിയിലെ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലാക്കി.ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് 65 കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.തുടർന്ന് ഇവരെ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബന്ധുക്കളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ഇവരെ കോട്ടയത്തേക്ക് മാറ്റിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന 71 കാരനായ ഭർത്താവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. മെൽബണിൽ നിന്ന് ദില്ലിയിലെത്തിയ ഇരുവരും  ഒരു പൊലീസുകാരന്റെ സഹായത്തോടെയാണ് ടാക്സികാറിൽ കമ്പംമേട് വരെയെത്തിയത്.ഇയാളോട്  നിരീക്ഷണത്തിൽ കഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ അന്ന് തന്നെ ദില്ലിയ്ക്ക് മടങ്ങി.രാജ്യം സമ്പൂർണ്ണ അടച്ചിടലിൽ തുടരുമ്പോൾ 7 സംസ്ഥാനങ്ങൾ കടന്ന് കമ്പംമേട് വരെയുള്ള ഇവരുടെ യാത്രയും ദുരൂഹമാണ്.

ഇതിനിടെ വെളിയന്നൂരിന് പുറമെ തിരുവാർപ്പ് പഞ്ചായത്തിനെയും കൊവിഡ് ഹോട്ട്സ്പോട് പട്ടികയിൽ നിന്ന് ഒഴിവാക്കി.ഇതോടെ ജില്ലയിൽ കൊവിഡ് ഹോട്ട്സ്പോട് സ്ഥലം ഇല്ലാതെയായി.കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സഹായി കോട്ടയത്ത് എത്തി മടങ്ങിയിരുന്നു.പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇയാളുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭ്യമാകും.ഇയാളുമായി സമ്പർക്കം പുലർത്തിയ 17 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.