കോട്ടയം: ആർഭാടവും ധൂർത്തുമായി വിവാഹങ്ങൾ മാറുമ്പോൾ മാതൃകയായി കോട്ടയത്തെ ഒരു വിവാഹം. മകളുടെ വിവാഹത്തിന്റെ ചെലവ് ചുരുക്കി പത്ത് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യമൊരുക്കിയിരിക്കുകയാണ് കോട്ടയം സ്വദേശി എം.എം. ഫിലിപ്പ്.

കൊവിഡ് മാരി ജീവിതതാളം തന്നെ തകിടം മറിച്ചപ്പോൾ സാമ്പത്തിക പരാധീനത കൊണ്ട് വിവാഹ സ്വപ്നം അകലെയായ 10 പെൺകുട്ടികളുടെ മാതാപിതാക്കൾക്കാണ് എം എം ഫിലിപ്പ് ആശ്വാസമായത്. മകൾ മേഘയുടെ വിവാഹ ദിവസമാണ് 10 പെൺകുട്ടികളുടെ കല്യാണ ചെലവ് ഏറ്റെടുത്ത് അവരവരുടെ വീടുകളിൽ വെച്ച് ചടങ്ങ് നടത്താൻ ഫിലിപ്പ് സാമ്പത്തിക സഹായം നൽകിയത്. 

വിവാഹത്തിനായി നീക്കി വെച്ച 15 ലക്ഷം രൂപയാണ് ചടങ്ങുകൾ ചുരുക്കി 10 പേരുടെ വിവാഹ സ്വപ്നങ്ങൾക്ക് ചിറക് നൽകാനായി ഫിലിപ്പും കുടുംബവും നീക്കി വച്ചത്. കല്യാണ ദിവസം അവരവരുടെ വീടുകളിലായിരുന്നവർ പരസ്പരം കാണാനും ആശംസ അറിയിക്കാനും ഒത്തുകൂടി. പ്രതീകാത്മകമായി 11 വിളക്കുകളും കത്തിച്ചു. എല്ലാ വർഷവും ഇത് പോലെ ഒത്തു കൂടാനാണ് ഇവരുടെ തീരുമാനം.