മലപ്പുറം: അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട് നടന്നത്  കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച്. മലപ്പുറത്തും വടകരയിലും കോഴിക്കോട്ടും എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പൊതുസ്ഥലങ്ങളിൽ കൂട്ടമായെത്തി. കോഴിക്കോട് കുറ്റിച്ചിറയിൽ  ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം പൊലിസിന്‍റെ ഇടപെടലിനെത്തുടർന്ന് ഒഴിവായി. മലപ്പുറത്ത് മാസ്ക് പോലും ധരിക്കാതെ കുട്ടികളടക്കമുള്ളവർ കലാശക്കൊട്ടിനെത്തി. 

ആര്‍എംപി/യുഡിഎഫുമായി ചേർന്ന്  മൽസരിക്കുന്ന വടകരയിലും സംഘടിച്ചെത്തിയ പ്രവർത്തകർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കൂട്ടമായി നിരത്തിലറങ്ങി. കാസർഗോട്ടും മുസ്ലീം ലീഗ് കേന്ദ്രങ്ങളിൽ കലാശക്കൊട്ടിനാൾക്കൂട്ടമെത്തി. മറ്റുജില്ലകളിലില്ലാത്ത വിധം കലാശക്കൊട്ടിന് ആൾക്കൂട്ടമെത്തിയത് ദൃശ്യങ്ങളിൽ കണ്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊലിസിന്‍റെ സഹായം തേടി. പൊലിസെത്തിയെങ്കിലും  പലയിടത്തും  പ്രചാരണസമയം അവസാനിക്കുന്നത് വരെ പ്രവർത്തകർ റോഡിൽ തുടർന്നു. 

കാലത്ത് തന്നെ പ്രവർത്തകർ കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലായിരുന്നു. വടകരയിൽ കെ മുരളീധരന്‍റെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു. മുക്കത്ത് വെൽഫയർ യുഡിഎഫ് സഖ്യം 6 വാർഡുകളിൽ ബൈക്ക് റാലി നടത്തി. ജില്ലാകളക്ടറുടെ വിലക്ക് ലംഘിച്ചായിരുന്നു പരിപാടികൾ. അവസാന മണിക്കൂറുകളിൽ നേതാക്കൾ നാല് ജില്ലകളിലും സജിവമായി രംഗത്തുണ്ടായിരുന്നു.