മന്ത്രിയാക്കണമെന്ന് ആവശ്യം: കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി
ഒറ്റ എംഎൽഎമാരുള്ള ഘടകക്ഷികൾക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നൽകാനുള്ള ധാരണ നടപ്പാക്കാനാണ് ഇടതുമുന്നണി ആലോചന തുടങ്ങിയത്

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിലേക്ക് ഇടതുമുന്നണി നീങ്ങുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ കത്ത് നൽകി. ഇടതുമുന്നണിക്കാണ് കത്ത് നൽകിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ തീരുമാനമൊന്നും ആയിരുന്നില്ല.
ഒറ്റ എംഎൽഎമാരുള്ള ഘടകക്ഷികൾക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നൽകാനുള്ള ധാരണ നടപ്പാക്കാനാണ് ഇടതുമുന്നണി ആലോചന തുടങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ തുടക്കത്തിൽ ഇടതുമുന്നണി തീരുമാനമാണിത്. നവംബര്‍ 20 ന് രണ്ടര വര്‍ഷം തികയുന്ന സാഹചര്യത്തിൽ ഘടക്ഷികളിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും.
'മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്': എഎൻ ഷംസീർ
സ്വത്ത് തര്‍ക്കം മുതൽ സോളാര്‍ കേസിൽ വരെ ആരോപണം ഉള്ളതിനാൽ ഗണേഷിന്റെ കാര്യത്തിൽ ഒരു വീണ്ടു വിചാരം സിപിഎമ്മിലും മുന്നണിക്കകത്തും ചിലര്‍ക്കുണ്ട്. എന്നാൽ അത്തരം അഭ്യൂഹങ്ങൾ എൽഡിഎഫ് കൺവീനര്‍ തുടക്കത്തിൽ തന്നെ തള്ളി. ഗതാഗത വകുപ്പ് വേണ്ടെന്ന് ഗണേശ് കുമാര്‍ നിലപാടെടുത്തിട്ടുണ്ട്. അങ്ങനെ എങ്കിൽ ഘടകകക്ഷി വകുപ്പുകളിൽ ചില വച്ചുമാറ്റങ്ങളും ആലോചിക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഭരണവിരുദ്ധ വികാരവും മന്ത്രിമാര്‍ക്കും വകുപ്പുകൾക്കും എതിരായ വിമര്‍ശനങ്ങളും സിപിഎമ്മിലും ശക്തിപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ര പോരെന്ന് സിപിഎം നേതൃയോഗങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. സിപിഎമ്മിന്‍റെ വകുപ്പുകളിൽ അഴിച്ച് പണിയും തള്ളിക്കളയാനാകില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് മന്ത്രി വീണ ജോര്‍ജ്ജിന്‍റെ പേരും തിരിച്ച് ആരോഗ്യമന്ത്രി പദവിയിലേക്ക് നിലവിലെ സ്പീക്കർ എഎൻ ഷംസീറും വന്നേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.
അഹമ്മദ് ദേവര്‍കോവിൽ ഒഴിയുമ്പോൾ മന്ത്രിസഭയിലെ മുസ്ലീം പ്രാതിനിധ്യത്തിന്‍റെ പേരിൽ കൂടിയാണ് ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. അതേസമയം എകെ ശശീന്ദ്രനെ മാറ്റി തനിക്ക് പാർട്ടിയുടെ മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം തോമസ് കെ തോമസ് എംഎൽഎയും ഉന്നയിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ആവശ്യം. എന്നാൽ തോമസ് മുന്നണിയെ ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ഈ മാസം 20 ന് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. 21 ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും 22 ന് സിപിഎം സംസ്ഥാന സമിതി യോഗവും ചേരും.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live