നീലേശ്വരം സ്കൂളിൽ തടഞ്ഞ് വച്ച ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അധ്യാപകർ എഴുതിയ ഭാഗത്തിന്റെ മാർക്ക് വെട്ടിക്കുറച്ചാണ് ഫലം പുറത്ത് വിട്ടത്. 

കോഴിക്കോട്: മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസുകൾ തിരുത്തിയതിനെ തുടര്‍ന്ന് തടഞ്ഞ് വച്ച ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കുട്ടിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഉത്തരപ്പേപ്പറിൽ അധ്യാപകന്‍ തിരുത്തി എഴുതിയ ഭാഗത്തിന്‍റെ മാര്‍ക്ക് വെട്ടിക്കുറച്ചാണ് ഫലം പുറത്ത് വിട്ടത്. എന്‍സിസിക്ക് ഉള്ള ഗ്രേഡ് മാര്‍ക്ക് കൂടി ചേര്‍പ്പോഴാണ് കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ആയത്.

കുട്ടികളുടെ ഉത്തരപ്പേപ്പറിൽ അധ്യാപകൻ എഴുതിച്ചേർത്ത മാർക്ക് ഒഴിവാക്കിയാൽ ജയിക്കുമെങ്കിൽ അവരുടെ ഫലം പുറത്തുവിടാമെന്ന് ധാരണയായിരുന്നു. ഈ വിദ്യാർത്ഥിയുടെ ഉത്തരപ്പേപ്പറിൽ അധ്യാപകൻ എഴുതിച്ചേർത്ത ഭാഗം ഒഴിവാക്കിയിട്ടും കുട്ടിക്ക് നല്ല മാർക്കുണ്ട്. എൻസിസി ഗ്രേസ് മാർക്ക് കൂടി ചേർത്തപ്പോൾ എല്ലാറ്റിലും എ പ്ലസ്സും കിട്ടി.

പരീക്ഷയിൽ വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്

അതേസമയം, സ്കൂളിലെ ഹയർ സെക്കൻഡറി പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റിപ്പോർട്ട് നല്‍കി. കൂടുതൽ ഉത്തരക്കടലാസുകൾ തിരുത്തിയതായി സംശയമുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പ്ലസ് വണ്‍ കൊമേഴ്‍സിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ പേപ്പറിന്‍റെ 31 ഉത്തരക്കടലാസുകള്‍ തിരുത്തിയതില്‍ രണ്ട് കുട്ടികള്‍ രണ്ട് കുട്ടികള്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതണമെന്ന് റിപ്പോർട്ട് പറയുന്നു. മറ്റ് 30 പേരുടെ പരീക്ഷയുടെ കാര്യം പിന്നീട് തീരുമാനിക്കും.

ഇതിനിടെ, അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ പരീക്ഷ റദ്ദാക്കി കൊണ്ട്, വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്. രണ്ട് കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകി.

മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. നിഷാദ് വി. മുഹമ്മദ് 4 വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഉത്തരക്കടലാസുകളിൽ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യ നിർണയം നടത്തിയ അധ്യാപകർക്ക് സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർത്ഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽ നിന്നും വരുത്തി നോക്കിയതോടെ പരീക്ഷ എഴുതിയത് വിദ്യാർത്ഥികളല്ലെന്ന് വ്യക്തമായി. 

സംഭവത്തിൽ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു. +2 ൽ മൂന്ന് കുട്ടികളുടെയും +1 ൽ 33 കുട്ടികളുടെയും പരീക്ഷഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. ആകെ പരീക്ഷയെഴുതിയ 174 കുട്ടികളിൽ 23 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. രണ്ട് കുട്ടികൾ തോറ്റു.