പനിബാധിച്ചവരുടെ രക്തസാമ്പിളുകൾ വിദഗ്‌ദ്ധ പരിശോധനകൾക്കായി മണിപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

കോഴിക്കോട്: ഒരു സ്കൂളിലെ അധ്യാപകർ‍ക്കും വിദ്യാര്‍ത്ഥികൾക്കും കൂട്ടപ്പനി. കോഴിക്കോട് ജില്ലയിലെ ആനയാംകുന്ന് ഗവൺമെന്റ് ഹയ‍ സെക്കന്ററി സ്കൂളിലാണ് സംഭവം. ജനുവരി മൂന്ന് മുതൽ സ്കൂളിലെ 13 അധ്യാപകര്‍ക്കടക്കം 176 പേ‍ര്‍ക്ക് പനിബാധയുണ്ടായെന്നാണ് ഡിഎംഒ നൽകിയ വിവരം.

ഇത്രയും പേര്‍ക്ക് പനിബാധയേറ്റ പശ്ചാത്തലത്തിൽ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്കാണ് അവധി. പനിബാധിച്ചവരുടെ രക്തസാമ്പിളുകൾ വിദഗ്‌ദ്ധ പരിശോധനകൾക്കായി മണിപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ പ്രതികരിച്ചു. ആദ്യം പനി വന്നത് അധ്യാപിക്കാണെന്ന് സ്ഥിരീകരിച്ചു. ആരുടേയും ആരോഗ്യ നിലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. പനിയുടെ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. പനി ബാധിച്ചവരുടെ വീടുകളിലും പ്രദേശത്തെ മറ്റ് വീടുകളിലും ആർക്കെങ്കിലും പനി ഉണ്ടോ എന്ന് പരിശോധന നടത്താൻ ആശാ വർക്കർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.