Asianet News MalayalamAsianet News Malayalam

കോഴിക്കോട് കൊവിഡ് വ്യാപനം തീവ്രം; കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി ശശീന്ദ്രൻ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്

Kozhikode Covid spread AK Saseendran
Author
Kozhikode, First Published Oct 8, 2020, 8:40 AM IST

കോഴിക്കോട്: കോഴിക്കോട് കൊവിഡ് വ്യാപനം തീവ്രമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഉദ്യോഗസ്ഥരുമായി ആലോചിച്ച് കൂടുതൽ നിയന്ത്രണത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ജാഗ്രത പാലിക്കാതെയാണ് പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത്. ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് കുറവൊന്നുമില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. എന്നാല്‍ പൊതുജനങ്ങള്‍ ഇതൊന്നും കാര്യമായെടുക്കുന്നില്ല. രാത്രി ആറിന് ശേഷവും ആള്‍ക്കൂട്ടങ്ങളാണെങ്ങും. ജില്ലയില്‍ നിരോധനാജ്ഞയുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല. എന്നാലിത് പാലിക്കപ്പെടുന്നില്ല. പൊലീസിനെ കാണുമ്പോള്‍ മാത്രം ഒഴിഞ്ഞ് മാറുന്ന നിലയിലാണ് ആൾക്കൂട്ടം.

പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടങ്ങളാണ് കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച മാത്രം 1576 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 736, തിങ്കളാഴ്ച 641, ഞായറാഴ്ച 1164, ശനിയാഴ്ച 941 എന്നിങ്ങനെയാണ് കോഴിക്കോട്ടെ കൊവിഡ് കണക്കുകള്‍. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ ഈ അലംഭാവം തുടരുകയാണെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios