ആറ് വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കോംപ്ലക്സ് കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം അട‍ഞ്ഞ് കിടക്കുകയായിരുന്നു. ഇത് പരിഹരിച്ച് ആലിഫ് ബിൽഡേഴ്സ് എന്ന സ്ഥാപനത്തിന് കരാർ നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന് വർഷങ്ങൾക്ക് ശേഷം ശാപമോക്ഷം. മറ്റന്നാൾ കെഎസ് ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആറ് വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കോംപ്ലക്സ് കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം അട‍ഞ്ഞ് കിടക്കുകയായിരുന്നു. ഇത് പരിഹരിച്ച് ആലിഫ് ബിൽഡേഴ്സ് എന്ന സ്ഥാപനത്തിന് കരാർ നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

മടക്കി നൽകേണ്ടാത്ത 17 കോടി രൂപയും 43.20 ലക്ഷം രൂപ മാസവാടകയ്ക്കുമാണ് കരാർ. മൂന്ന് വർഷത്തിലൊരിക്കൽ 10 ശതമാനം വർദ്ധിക്കും. 30 വർഷം കൊണ്ട് ഏകദേശം 250 കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

2007 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ൽ മാവൂര്‍ റോഡിൽ 65 കോടി രൂപ ചെലവിൽ കെടിഡിഎഫ്സി നിര്‍മിച്ച ബഹുനില കെട്ടിടം അഞ്ച് വര്‍ഷത്തോളം നഗരത്തിന് നടുവിൽ നോക്കുകുത്തിയായി തുടർന്നു. കെഎസ് ആർ ടിസി സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർ സൌകര്യങ്ങളില്ലാതെ വലയുമ്പോഴും കെട്ടിടം ഉപകാരത്തിനില്ലാതെ കിടക്കുകയായിരുന്നു. 

മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നിരുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ഇടപെടലിന്‍റെ ഭാഗമായാണ് 30 വർഷത്തേക്ക് അലിഫ് ട്രേഡേഴ്സ് എന്ന കമ്പനി കരാർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona