കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. രണ്ടു വിദ്യാർത്ഥികൾക്ക് ഫുള്‍ എ പ്ലസും ഒരാൾക്ക് 7 എ പ്ലസും ആണ് ലഭിച്ചിരിക്കുന്നത്.
മറ്റുള്ള മൂന്നുപേരും വിജയിച്ചു.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും.
താമരശേരിയിലെ ഷഹബാസിന്‍റെ കൊലപാതക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ പത്താംക്ലാസ് പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നാലു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചു.
സർക്കാരിന് ഇക്കാര്യത്തിൽ എന്തധികാരമാണുളളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ എന്ത് ബന്ധമാണുളളത്? സർക്കാരിന്‍റെ നടപടി ആശ്ചര്യകരം എന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്തതെന്തെന്നും ചോദിച്ചു. ഇക്കാര്യത്തിൽ കൂടിയാലോചിച്ച് അടിയന്തര നടപടി സ്വീകരിക്കാനും സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നാളെ വാദം തുടരും. പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം അടക്കമുളളവ പരിഗണിച്ച് ഹർജിയിലെ തീരുമാനം വൈകിപ്പിക്കരുതെന്ന് പ്രതിഭാഗം പറഞ്ഞു. സർക്കാർ വാദം മറുപടി നാളെയാണ്.


