Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്കാണോ?', തിരിച്ചടിച്ച് കെപിഎ മജീദ്

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ആരും ഏറ്റെടുത്ത് തന്നെ വർഗ്ഗീയവാദിയാക്കേണ്ടെന്നാണ് പിണറായി പറഞ്ഞത്. ലീഗ് യുഡിഎഫിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന പ്രസ്താവനയെച്ചൊല്ലി വിവാദം കനത്തപ്പോഴാണ് മുഖ്യമന്ത്രി ലീഗിനെതിരെ ആഞ്ഞടിച്ചത്.

kpa majeed reply to pinarayi on facebook post
Author
Kozhikode, First Published Dec 27, 2020, 1:17 PM IST

കോഴിക്കോട്: മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ആരും ഏറ്റെടുക്കേണ്ടെന്ന് ലീഗിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി നൽകി ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. കേരളത്തിന്‍റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്കും ആരും നൽകിയിട്ടില്ല. പിന്തുണയ്ക്കാത്തവരെ തീവ്രവാദികളാക്കുന്ന ബിജെപിയുടെ റോൾ സിപിഎം ഏറ്റെടുത്തെന്നും, വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട പ്രസ്താവനകളടക്കം ചൂണ്ടിക്കാട്ടി കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. 

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ആരും ഏറ്റെടുത്ത് തന്നെ വർഗ്ഗീയവാദിയാക്കേണ്ടെന്നാണ് പിണറായി നേരത്തേ പറഞ്ഞത്. ലീഗ് യുഡിഎഫിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന പ്രസ്താവനയെച്ചൊല്ലി വിവാദം കനത്തപ്പോഴാണ് മുഖ്യമന്ത്രി ലീഗിനെതിരെ ആഞ്ഞടിച്ചത്.

കെപിഎ മജീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

''മുസ്ലിംലീഗിന്റെ ദൗത്യവും നിയോഗവും തിരിച്ചറിഞ്ഞ് ഈ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. വർഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാർട്ടിയാണ് മുസ്ലിംലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാവില്ല. കാഞ്ഞങ്ങാട് സംഭവത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോർട്ട് വന്ന ഉടൻ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടിൽ സമാധാനവുമാണ് മുസ്ലിംലീഗ് ആഗ്രഹിക്കുന്നത്. ലീഗിന്റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‌മാൻ ഔഫിന്റെ വീട് സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണ്. അക്രമ രാഷ്ട്രീയം ലീഗിന്റെ നയമല്ല. അക്രമികളെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാർട്ടിക്കാർക്കു വേണ്ടി കേസ് വാദിക്കാൻ സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ എറിയുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവർക്കുമറിയാം. നാട്ടിൽ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയെ അടച്ചാക്ഷേപിക്കാൻ ആരു ശ്രമിച്ചാലും അത് കേരളത്തിൽ വിലപ്പോകില്ല.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അംഗീകാരവും നേടിയാണ് മുസ്ലിംലീഗ് കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിൽ പ്രവർത്തിക്കുന്നത്. കേരളം അകറ്റി നിർത്തുന്ന എസ്.ഡി.പി.ഐക്കാരെയും ബി.ജെ.പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിർത്താൻ മടികാട്ടാത്ത സി.പി.എമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വർഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി മുസ്ലിംലീഗിനെതിരെ തിരിഞ്ഞത്. ഗെയിൽ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കിയ, ആലപ്പാട്ട് കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നു പറഞ്ഞ പാർട്ടിയിൽനിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണെന്നറിയാം. തങ്ങളെ പിന്തുണക്കാത്തവരെയെല്ലാം വർഗീയവാദികളും തീവ്രവാദികളുമാക്കി ബി.ജെ.പിയുടെ റോൾ കേരളത്തിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ സി.പി.എമ്മാണ്. ലീഗിനെ ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ലെന്ന് കൂടി ഓർമപ്പെടുത്തുകയാണ്''

 

Follow Us:
Download App:
  • android
  • ios