തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം. അബ്ദുള്ളക്കുട്ടിക്ക് എതിരായ കണ്ണൂർ ഡിസിസിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതിയെ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

പാർട്ടിയിൽ അവസരം കുറഞ്ഞതോടെ, ബിജെപിയിലേക്ക് ചേക്കേറുന്നതിന്‍റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്നേഹമെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

അതേസമയം, ആലപ്പുഴയിലെ പരാജയത്തെ കുറിച്ച് പഠിക്കാന്‍ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. അംഗങ്ങളെ തീരുമാനിക്കാന്‍ കെപിസിസി പ്രസിഡന്‍റിനെ നേതൃയോഗം ചുമതലപ്പെടുത്തി. നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. നോമ്പ് കാരണമാണ് വരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന പ്രമേയവും കെപിസിസി പാസാക്കി.