ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ചേരുക. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം.

തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാനണെന്ന് മുരളീധര പക്ഷം വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്. അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിനുശേഷമുള്ള കെപിസിസി യോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരൂം. സ്ഥാനാര്‍ഥികളടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

ആലപ്പുഴയിലെ പരാജയം യോഗം വിശദമായി ചര്‍ച്ച ചെയ്യും. ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള നിര്‍ദേശങ്ങളും യോഗത്തില്‍ നല്‍കും. പാര്‍ട്ടി പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയിൽ ചര്‍ച്ചയാകും.

ജംബോ കമ്മറ്റികള്‍ വേണ്ടെന്ന മുല്ലപ്പളളിയുടെ നിര്‍ദേശത്തോട് കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ നേതാക്കള്‍ അനുകൂലമായാണ് പ്രതികരിച്ചത്. നേതൃയോഗം ഇന്ന് ചേരാനിരിക്കെ കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്.

നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല ഗുണം ചെയ്തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്.

പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കൂടാന്‍ ശബരിമല വിഷയം സഹായിച്ചുവെന്നാണ് കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ അനുമാനം.