തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് നേതാവ് എ കെ ആന്‍റണിക്ക് നേരെ ഉയർന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി, തിരുവനന്തപുരം എം പി ശശിതരൂരിനെ ചുമതലപ്പെടുത്തി.

ഉടനെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നാണ് ആരോപണങ്ങളെന്നും പിന്നിൽ ഗൂഢാലോചനയും കൃത്യമായ ലക്ഷ്യവും ഉണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ആന്‍റണി പാർട്ടിയെ വിഷമം അറിയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ആലപ്പുഴയിലെ തോൽവി പരിശോധിക്കാൻ മൂന്നംഗ സമിതിക്കും രൂപം നൽകി. പ്രൊഫസർ കെ വി തോമസ് അധ്യക്ഷനായ സമിതിയിൽ കെപി കുഞ്ഞിക്കണ്ണനും പിസി വിഷ്ണുനാഥുമാണ് അംഗങ്ങൾ.