തിരുവനന്തപുരം: കെപിസിസിയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തിയുള്ള ആദ്യ ഫലം പുറത്ത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പ്രവർത്തനം വിലയിരുത്തിയാണ് പ്രഥമ ഫലം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ 3 കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്.  മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ പച്ചയിലും ശരാശരിക്കാര്‍ മഞ്ഞയിലും മികവ് പുലര്‍ത്താത്തവര്‍ ചുവപ്പിലുമായാണ് ഉള്‍പ്പെടുക.

ഇത് പ്രകാരം  അഞ്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർക്ക് ലഭിച്ചത് മഞ്ഞയാണ്. ഒൻപത് ജില്ലാ കമ്മിറ്റികൾ പച്ച കാറ്റഗറിയിലാണ്. 16 കെപിസിസി ഭാരവാഹികളുടെ പ്രവർത്തനം തീരെ മോശമായതിനാൽ ഇവർക്ക് ചുവപ്പാണ് ലഭിച്ചിരിക്കുന്നത്. ഒൻപത് പേർ മികച്ച പ്രവർത്തനം കാഴ്ചവച്ചപ്പോൾ 20 പേരുടെ പ്രവർത്തനം ശരാശരിയാണെന്നും വിലയിരുത്തുന്നു.

കെപിസിസി 'പിഎഎസ്'(പെര്‍ഫോര്‍മന്‍സ് അസ്സസ്സ്‌മെന്റ് സിസ്റ്റം)ന്റെ ഭാഗമായാണ് റിവ്യു. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും ഒന്നാമത്തെ ത്രൈമാസ വിലയിരുത്തലാണിത്. ഒരു ഡിസിസി പോലും ചുവപ്പ് കാറ്റഗറിയില്‍ വന്നിട്ടില്ലെന്നത് ശ്രദ്ധേയമായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കെപിസിസി പ്രവര്‍ത്തന ക്ഷമമാകാത്തവര്‍ക്ക് തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കും. ഡിസിസി. ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവര്‍ത്തന മികവ് പരിശോധിക്കാന്‍ ഒക്‌ടോബര്‍ 4 മുതല്‍ 22 വരെ എല്ലാ ജില്ലകളിലും റിവ്യൂ യോഗങ്ങള്‍ നടത്തും.