അതിമോഹികളുടെയും ദുരാഗ്രഹികളുടെയും കൂട്ടത്തിൽ ഇരിക്കേണ്ട ആളല്ല ശ്രേയാംസ് കുമാർ. മറ്റുള്ളവർക്ക് ബലിയാടായി നിന്നുകൊടുക്കാതെ കുഞ്ഞാടേ നീ തിരിച്ചു വരികയെന്നും വി പി സജീന്ദ്രൻ കുറിച്ചു.
കൊച്ചി: ഇടതുമുന്നണിയുടെ (Left Front) രാഷ്ട്രീയ നെറികേടിന് ശ്രേയാംസ് കുമാര്‍ (M.V. Shreyams Kumar) ഇരയായെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി പി സജീന്ദ്രന്‍ (VP Sajeendran). 2009ൽ ഇടതുമുന്നണിയിൽ നിന്ന് ചവിട്ടി പുറത്താക്കിയ എം പി വീരേന്ദ്രകുമാർ വിഭാഗത്തെ സന്തോഷപൂർവ്വം സ്വീകരിച്ച ഐക്യ ജനാധിപത്യമുന്നണി, നല്ല നിലയിൽ നിയമസഭയിൽ മത്സരിക്കാൻ സീറ്റുകളും രാജ്യസഭയിൽ എംപി സ്ഥാനവും നൽകി. ഇന്ന് തങ്ങളുടെ രാഷ്ട്രീയ ഇടം കണ്ടെത്തുവാൻ എൽഡിഎഫിന്‍റെ അടുക്കള കോലായിൽ ഭിക്ഷാംദേഹിയായി നിൽക്കുന്ന ഈ വിഭാഗത്തിൻറെ അവസ്ഥ കാണുമ്പോൾ ദുഃഖം തോന്നുന്നുണ്ട്.
ഐക്യ ജനാധിപത്യ മുന്നണിയിൽ അന്തസ്സോടെ നിന്നിരുന്ന വീരൻ വിഭാഗത്തെ കണ്ണും കലാശവും കാണിച്ച് കൊണ്ടുപോയത് എന്തിനായിരുന്നുവെന്നും അത് യുഡിഎഫിനെ ക്ഷീണിപ്പിക്കുവാൻ തങ്ങളുടെ മുന്നണിയിലേക്ക് ആകൃഷ്ടരായി ഘടകകക്ഷികൾ ഒഴുകി വരുന്നു എന്ന പ്രചരണതന്ത്രം മാത്രമായിരുന്നില്ലേയെന്നും വി പി സജീന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ഇടതുമുന്നണിക്ക് മുന്നണിമര്യാദ ഇല്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
എ എ റഹീം സിപിഎം രാജ്യസഭ സ്ഥാനാർത്ഥി
മാത്രമല്ല ഇടതുമുന്നണിയുടെ രാഷ്ട്രീയ നെറികേടിന് ശ്രേയാംസ് കുമാര്‍ ഇര ആയിരിക്കുന്നു. വർഗീയത അരങ്ങുവാഴുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ഒരു ചെറുത്തുനിൽപ്പിന് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും നിലനിൽപ്പ് അനിവാര്യമാണ്. ശ്രേയാംസ് കുമാർ വിഭാഗത്തിന് കയ്യിലുണ്ടായിരുന്ന എംപി സ്ഥാനവും നഷ്ടപ്പെട്ട് മന്ത്രിസ്ഥാനവും ഇല്ലാതെ ഇങ്ങനെ അലയേണ്ടി വന്നതിൽ സിപിഎം ഉത്തരവാദിയാണ്. സിപിഎമ്മിന് ഏതു സഖാവിനെ വേണമെങ്കിലും രാജ്യസഭയിലേക്ക് എംപി ആക്കാം. പക്ഷേ, അതൊരു ചതിയിലൂടെ ആകരുത്. മറ്റുള്ളവരുടെ ചെലവിൽ ആകരുത്. ഒരിക്കലും അത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കുഴി തോണ്ടി കൊണ്ട് ആകരുത്. മറ്റൊരുത്തന്റെ മുന്നിലിരിക്കുന്ന ആഹാരം തട്ടിപറിച്ചു വാങ്ങിയല്ല സിപിഎം സ്വന്തം കുട്ടികളെ വളർത്തേണ്ടത്.
അന്യന്റെ വയലുകണ്ട് ആരും കന്നുകാലികളെ വളർത്തരുത്. ആ പണിയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നത്. ധിക്കാരപൂർവം മറ്റുള്ളവരുടെ വയലിൽ കയറി മേയരുത്. ഇത് നെറികേടാണ്. വലിയൊരു ചെറുത്തുനിൽപ്പ് അത്യന്താപേക്ഷിതമായി മുന്നിൽ നിൽക്കുന്ന സമയത്ത് ഇത്തരം നെറികേടുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുന്നണി സംവിധാനങ്ങളുടെ കെട്ടുറപ്പിനെ വല്ലാതെ ക്ഷീണിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ബന്ധങ്ങളുടെ കെട്ടുറപ്പും സ്ഥിരതയും ആവശ്യമായ ഈ സമയത്ത് ശിഥിലീകരണമാണ് ഇവിടെ നടക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിലെ സീറ്റുകൾ സിപിഎമ്മിനും സിപിഐയ്ക്കും
യുവസഖാക്കൾ ഇങ്ങനെ സ്വയം അപമാനിതരായി എംപി സ്ഥാനം ഏൽക്കരുത്. നിങ്ങൾ ഇപ്പോൾ ആർഭാടപൂർവ്വം ഏൽക്കാൻ പോകുന്ന എംപി സ്ഥാനത്തിന്റെ പിന്നിൽ ചതിയുടെ വഞ്ചനയുടെ കണ്ണുനീരിന്റെ കലർപ്പുണ്ട്. കനകസിംഹാസനത്തിലല്ല, ദുഃഖ സിംഹാസനത്തിൽ ആണ് നിങ്ങൾ അവരോഹിതർ ആകുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ അസ്ഥിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് സിപിഎം ഈ ചെയ്യുന്നതിനെ മുന്നണി മര്യാദയുടെ ലംഘനം എന്നല്ല നെറികേട് എന്നാണ് പറയേണ്ടത്.
കോഴിയെ കഴുത്ത് അറക്കുന്ന പോലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ കഴുത്തറത്ത് ഇല്ലാതാക്കാൻ നോക്കുമ്പോൾ, എൽഡിഎഫ് എന്ന മുന്നണി രൂപീകൃതമായപ്പോൾ അതിൻറെ കൺവീനറായിരുന്നു എം പി വീരേന്ദ്രകുമാർ എന്നകാര്യം സഖാക്കൾ സൗകര്യപൂർവ്വം മറന്നുപോകരുത്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ശ്രേയാംസ് കുമാര്‍ കറിവേപ്പില ആകരുത്. വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ശ്രേയാംസ് കുമാര്‍. അതിമോഹികളുടെയും ദുരാഗ്രഹികളുടെയും കൂട്ടത്തിൽ ഇരിക്കേണ്ട ആളല്ല ശ്രേയാംസ് കുമാർ. മറ്റുള്ളവർക്ക് ബലിയാടായി നിന്നുകൊടുക്കാതെ കുഞ്ഞാടേ നീ തിരിച്ചു വരികയെന്നും വി പി സജീന്ദ്രൻ കുറിച്ചു.
