Asianet News Malayalam

സാനഡുവിൽ നിന്ന് റോസ് ഹൗസിലേക്ക് നീണ്ട കിളിവാതിലും കാശ്മീരി സാരിയും; ഗൗരിയമ്മയും ടിവി തോമസും

കേരള ചരിത്രത്തിന്റെ ഹൃദയത്തിൽ വേരാഴ്ത്തിയ ബന്ധമായിരുന്നു ടിവി തോമസും കെഎആര്‍ ഗൗരിയമ്മയും തമ്മിലുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനൊപ്പം പിളര്‍ന്നു പോയ ആ കല്യാണ കഥ പക്ഷെ കാലങ്ങൾ പിന്നിട്ടിട്ടും കെആര്‍ ഗൗരിയമ്മയുടെ മനസ്സിൽ എന്നും വികാരവിക്ഷോഭങ്ങളുടെ കടലൊരുക്കി.

kr gauriamma   tv thomas relation
Author
Thiruvananthapuram, First Published May 11, 2021, 7:35 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: വിപ്ലവമെന്നാൽ പ്രണയമെന്നും പ്രണയമെന്നാൽ വിപ്ലവമെന്നും വേര്‍തിരിക്കാനാകാത്ത വിധം കേരള ചരിത്രത്തിന്റെ ഹൃദയത്തിൽ വേരാഴ്ത്തിയ ബന്ധമായിരുന്നു ടിവി തോമസും കെഎആര്‍ ഗൗരിയമ്മയും തമ്മിലുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനൊപ്പം പിളര്‍ന്നു പോയ ആ കല്യാണ കഥ പക്ഷെ കാലങ്ങൾ പിന്നിട്ടിട്ടും കെആര്‍ ഗൗരിയമ്മയുടെ മനസ്സിൽ എന്നും വികാരവിക്ഷോഭങ്ങളുടെ കടലൊരുക്കി.

വഴുതക്കാട്ടെ വിമൻസ് കോളേജിന് എതിര്‍വശമുള്ള മന്ത്രിമന്ദിരങ്ങൾ. സാനഡുവും റോസ് ഹൗസും. രണ്ട് വീടുകൾക്കിടയിലെ മതിലിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അടഞ്ഞു പോകാത്തൊരു കിളിവാതിലുണ്ട്. കേരള രാഷ്ട്രീയം കണ്ട എക്കാലത്തേയും വിപ്ലവ നായികയായ കെആര്‍ ഗൗരിയുടേയും കമ്മ്യൂണിസ്റ്റ് നേതാവ് ടിവി തോമസിന്‍റെയും പ്രണയസാക്ഷ്യമാണത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ അത്രമേൽ ആഘോഷിക്കപ്പെട്ട ആ വിവാഹം നടന്നത് ആദ്യ ജനകീയ മന്ത്രിസഭ അധികാരത്തിലെത്തിയ അതേ വര്‍ഷമായിരുന്നു. കേരളം കണ്ട ആദ്യ വനിതാ മന്ത്രിയുടെ വിവാഹം ആഘോഷിക്കാൻ ഔദ്യോഗിക വസതിയായ സാനഡു ഒരുങ്ങി. എല്ലാം തീരുമാനിച്ചത് പാര്‍ട്ടി. വരൻ അതേ മന്ത്രിസഭയിലെ അംഗമായിരുന്ന ടിവി തോമസ് . മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് എടുത്ത് കൊടുത്ത താലി ചാര്‍ത്തിയാണ് കെആര്‍ ഗൗരിയമ്മയും ടിവി തോമസും ദാമ്പത്യം ആരംഭിക്കുന്നത്. വൈകീട്ട് പൊതുജനങ്ങൾക്ക് നവദമ്പതികൾ വക വിരുന്നുമൊരുക്കിയിരുന്നു.

പാര്‍ട്ടി സ്ഥാനമാനങ്ങൾക്കൊപ്പം ഔദ്യോഗിക പദവിയും വഹിക്കുന്ന രണ്ട് പേര്‍ . വിപ്ലത്തിനൊപ്പം കൗതുകവുമേറെ ഉണ്ടായിരുന്നു കെആര്‍ ഗൗരിയമ്മ ടിവി തോമസ് ദാമ്പത്യത്തിന്. റോസ് ഹൗസിനും സാനഡുവിനും ഇടക്ക് മതിലു പൊളിച്ച് ചെറിയ കിളിവാതിലൊരുക്കി അവര്‍ സ്നേഹത്തിന്‍റെ ഇടനാഴി തീര്‍ത്തു. രണ്ട് കാറിൽ സെക്രട്ടേറിയറ്റിലേക്ക് യാത്രയാകുന്ന കെആര്‍ ഗൗരിയും ടിവിയും ഉച്ചക്ക് ഉണ്ണാൻ ഒരുമിച്ചെത്തും. അടുക്കളയുടെ ഉത്തരവാദിത്തം ഗൗരിയമ്മ ഏറ്റെടുത്തിരുന്നു. ടിവിക്ക് ആഹാരമൊരുക്കിയും വിളമ്പിക്കൊടുത്തും കെഐര്‍ ഗൗരിയമ്മ വീട്ടമ്മയുടെ റോൾ ഏറ്റെടുത്തിരുന്നു. സഖാവിനൊപ്പം സഖിയുമായപ്പോൾ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ഊഷ്മളമായ സ്നേഹ ബന്ധം പതിറ്റാണ്ടുകൾക്കിപ്പുറവും പേരറായാത്ത ആരോ പകര്‍ത്തിയ ദൃശ്യങ്ങളായി അടുത്ത ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാർട്ടി പറഞ്ഞപ്പോൾ ഒന്നിച്ചവര്‍ പാര്‍ട്ടി പിളര്‍ന്നപ്പോൾ വേര്‍പിരിയേണ്ടിവന്നതും ചരിത്രം. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടിവി തോമസ് സിപിഐക്ക് ഒപ്പവും എന്ന നിലപാടെടുത്തു.

"1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഞങ്ങൾ രണ്ട് ചേരിയിലായെങ്കിലും ഞാൻ പാർട്ടിയിൽ നിന്നും അവധിയെടുത്ത് ചാത്തനാട്ടെ വീട്ടിൽ ഒന്നിച്ചു താമസിച്ചു. വീട്ടിൽ പാർട്ടിക്കാർ ആരും വരരുതെന്നും ടി വിക്ക് പ്രവർത്തനം വീടിനു പുറത്തു നടത്താമെന്നും തീരുമാനിച്ചു. ജീവിതം ഏറെക്കാലത്തിനു ശേഷം ശാന്തമായ പോലെ അക്കാലത്ത് ടി.വി. എനിക്ക് ഒരു കശ്‌മീരി പട്ടുസാരി വാങ്ങിത്തന്നു. ജീവിതത്തിൽ ആദ്യമായി തരുന്ന സാരിയാണ്ത്. അതു ഞാൻ ഇന്നും സൂക്ഷിച്ചിട്ടുണ്ട്” എന്ന് ഗൗരിയമ്മ ഓര്‍ത്തെടുത്തിരുന്നു.

67 ലെ മന്ത്രിസഭയിലംഗമാകാൻ  ചാത്തനാത്തെ വീട്ടിൽ നിന്ന് ഒരുമിച്ച് ഇറങ്ങിയ ഇരുവര്‍ക്കും ഇടയിൽ പക്ഷെ പാർട്ടി നിലപാടുകൾ അലോസരങ്ങളുണ്ടാക്കി. ഇരുവര്‍ക്കുമിയടിലുണ്ടായിരുന്ന ആ സ്നേഹത്തിന്‍റെ കിളിവാതിൽ അടച്ച് കളഞ്ഞതിൽ പാർട്ടി കടുംപിടുത്തങ്ങൾക്കുണ്ടായിരുന്ന പങ്കിനെ കുറിച്ച് പിന്നീട് പലപ്പോഴും കെആര്‍ ഗൗരിയമ്മ ഗദ്ഗദത്തോടെ ഓര്‍ത്തിട്ടുമുണ്ട്. കമ്മ്യൂണിസത്തിൽ ഇഴചേര്‍ത്ത ആ ബന്ധത്തെ അങ്ങനെ കാലം വേര്‍പിരിച്ചെങ്കിലും കേരള രാഷ്ട്രീയത്തിന് എന്ന പോലെ തന്നെ കെആര്‍ ഗൗരിക്കും മായ്ച്ച് കളയാവുന്നതായിരുന്നില്ല ആ അധ്യായം.

1967 മുതൽ ടിവി തോമസ് വിടപറഞ്ഞ 77 വരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു എന്ന് ഓര്‍മ്മിക്കുമ്പോഴും ആശയപരമായി വേര്‍പിരിഞ്ഞ ശേഷവും ഊഷ്മളമായ സ്നേഹ ബന്ധം മനസിൽ നിന്ന് മാഞ്ഞിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട് ഗൗരിയമ്മ. അര്‍ബുദ ബാധിതനായി അപ്പോളോയിൽ ചികിത്സയിലായിരുന്ന അവസാന നാളുകളിൽ അടക്കം  ടിവി തോമസിന് കൂട്ടായി ഗൗരിയമ്മ ഉണ്ടായിരുന്നു . ടി.വി. തോമസ് രോഗബാധിതനായിരുന്ന നാളുകളില്‍ കത്തോലിക്കാ സഭാ വിശ്വാസമനുസരിച്ചു കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഈശോസഭാ വൈദികനായ ഫാ. എ.അടപ്പൂരിന്‍റെ പിന്നീടുണ്ടായ വെളിപ്പെടുത്തലിനെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു ഗൗരിയമ്മ.

1977 ൽ ടിവി മരിച്ചു. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ പൊതുദര്‍ശന വേദിയിലേക്കും എത്തി കെആർ ഗൗരിയമ്മ. അന്ന് കേരളം കണ്ട വിപ്ലവനായികയുടെ മുഖത്തിന് പിന്നിൽ അവര്‍ വികാര വിക്ഷോഭത്തിന്‍റെ കടലൊളിപ്പിച്ച് വച്ചു. അവസാനകാലം വരെ ചെലവിട്ട  ചാത്തനാത്തെ വീട്ടിലെ സ്വീകരണ മുറിയിൽ കല്യാണ ഫോട്ടോ എന്നും പ്രതാപത്തോടെ ഇടം പിടിച്ചിരുന്നു.  കെആര്‍ ഗൗരിയമ്മയുടെ കിടപ്പുമുറിയിലെ ചുമരു നിറയെ ടിവി തോമസിന്‍റെ പലതരം ഫോട്ടോകളായിരുന്നത്രെ. 100 വയസ്സു പിന്നിട്ടിട്ടും,  ഓര്‍മ്മകളെ പതിയെ കാലം കാര്‍ന്നു തിന്നിട്ടും,  ചിന്തകളുടെ ഏറ്റിറക്കങ്ങിളെല്ലാം ടിവി തോമസ് ഉണ്ടായിരുന്നു.   കാലമെത്ര കഴിഞ്ഞാലും ഹൃദയത്തിൽ വേരുള്ള ചില ബന്ധങ്ങൾ അങ്ങനെയാണെന്ന് വാക്കിലും പ്രവര്‍ത്തിയിലും നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു കെആര്‍ ഗൗരിയമ്മ .
 

Follow Us:
Download App:
  • android
  • ios