Asianet News MalayalamAsianet News Malayalam

'ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തെപ്പറ്റി മമ്മൂട്ടി മുതല്‍ ഫഹദ് വരെയുള്ളവര്‍ എന്ത് പറയുന്നു'; കെഎസ് രാധാകൃഷ്ണന്‍

മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്.

KS Radhakrishnan controversial comment against mammootty and fahad fazil on srilankan attack
Author
Thiruvananthapuram, First Published Apr 28, 2019, 12:29 PM IST

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ മലയാള നടന്മാർക്കെതിരെ വിവാദ പരാമർശവുമായി മുന്‍ പിഎസ്‍സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണൻ. ശ്രീലങ്കയിലെ ആക്രമണത്തിനെതിരെ നമ്മുടെ സമൂഹം പ്രതികരിച്ചില്ലെന്നും നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ ഇക്കാര്യത്തിൽ എന്ത് പറയുന്നു എന്നറിയാൻ താല്പര്യമുണ്ടെന്നാണ് രാധാകൃഷ്ണന്‍റെ ചോദ്യം.   ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാധാകൃഷ്ണൻ വിവാദ പരാമര്‍ശം നടത്തിയത്.  

ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയാണ് ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്- രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

 ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിന്റെ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്.

Follow Us:
Download App:
  • android
  • ios