Asianet News MalayalamAsianet News Malayalam

ആ ചിത്രം കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നി; സമ്പത്തിനെ പിന്തുണച്ച് ശബരീനാഥന്‍

റെസ്പോണ്‍സബിള്‍ ഡ്രൈവിംഗ് എന്നപോലെ റെസ്പോണ്‍സബിള്‍ സോഷ്യല്‍ മീഡിയ എന്ന ക്യാമ്പയിന്‍ തുടങ്ങുന്നത് നല്ലതാകും- ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

KS Sabarinadhan facebook post support A sampath
Author
Thiruvananthapuram, First Published Jun 16, 2019, 7:07 PM IST

തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിന്‍റെ കാറില്‍ എക് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സമ്പത്തിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം സോഷ്യല്‍മീഡയയില്‍ ട്രോളുമായി വന്നപ്പോള്‍ സമ്പത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എ കെഎസ് ശബരീനാഥന്‍. ആറ്റിങ്ങൽ എംപിയായിരുന്ന  സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല. റെസ്പോണ്‍സബിള്‍ ഡ്രൈവിംഗ് എന്നപോലെ റെസ്പോണ്‍സബിള്‍ സോഷ്യല്‍ മീഡിയ എന്ന ക്യാമ്പയിന്‍ തുടങ്ങുന്നത് നല്ലതാകും- ശബരീനാഥന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. 

നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബലറാം, ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ കാറിന്‍റെ ചിത്രം ഏറ്റെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും എന്നാണ് ഈ പോസ്റ്റ് വച്ച് വിടി ബലറാം പോസ്റ്റ് ചെയ്തത്.  പല യുഡിഎഫ്, ബിജെപി അനുഭാവികളും ഇത് ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശബരി നാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ശബരീനാഥന്‍റെ രാഷ്ട്രീയ മര്യാദയെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റിന് ചുവടെ കമന്‍റുമായെത്തുന്നത്. ഇക്കാര്യം കോണ്‍ഗ്രസിലെ നേതാക്കളെയാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും ബല്‍റാമിന്‍റെയും മറ്റ് നേതാക്കളുടെയും പോസ്റ്റ് ചൂണ്ടിക്കാട്ടി ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.

Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കും.

Follow Us:
Download App:
  • android
  • ios