അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം

കോയമ്പത്തൂർ: തോക്കുമായി വിമാനത്താവളത്തിലെത്തിയസംഭവത്തിൽ ജയിലിലായ പാലക്കാട് DCC വൈസ് പ്രസിഡണ്ട് കെ എസ് ബി എ തങ്ങളുടെ(ksba thangal) ജാമ്യാപേക്ഷ(bail application) ഇന്ന് സമർപ്പിക്കും.ഇന്നലെ രാത്രി വൈകി കോയമ്പത്തൂർ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ തങ്ങളെ 14 ദിവസത്തേക്കാണ് റിമാൻഡ്ചെയ്തത്. പൊള്ളാച്ചി സബ് ജയിലിലാണ് തങ്ങൾ ഇപ്പോഴുള്ളത്.

ഇന്നലെ പുലർച്ചെയാണ് അമൃതസർ യാത്രയ്ക്കിടെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് കെഎസ്ബിഎ തങ്ങൾ തോക്കുമായി പിടിയിലായത്. പാലക്കാട് ഡിസിസി വൈസ് പ്രസിഡൻ്റായ കെഎസ്ബിഎ തങ്ങളുടെ അറസ്റ്റ് കോയമ്പത്തൂർ പീളെ മേട് പൊലീസാണ് രേഖപ്പെടുത്തിയത്. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. 

കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് തോക്കും ഏഴു തിരകളുമായി രാവിലെ പിടിയിലായ KSBA തങ്ങളെ സിഐഎസ്എഫ് പിളെമേട് പൊലീസിന് കൈമാറിയിരുന്നു. കോയമ്പത്തൂർ ഈസ്റ്റ് അസിസ്റ്റൻ്റ് കമ്മീഷ്ണർ അരുണിൻ്റെ നേതൃത്വത്തിൽ തങ്ങളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രാത്രിയോടെ കോയമ്പത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ കെഎസ്ബിഎ തങ്ങളെ ഹാജരാക്കുകയായിരുന്നു.

ബാഗിനുള്ളിൽ കണ്ടെത്തിയ തോക്ക് 80 വർഷത്തിലേറെ പഴക്കമുള്ളതും തൻ്റെ പിതാവ് ഉപയോഗിച്ചതായിരുന്നു എന്നുമാണ് തങ്ങൾ മൊഴി നൽകിയത്. യാത്രയ്ക്ക് ഇറങ്ങുമ്പോൾ തോക്ക് സൂക്ഷിച്ച ബാഗിൽ വസ്ത്രങ്ങൾ അബദ്ധത്തിൽ എടുത്തു വയ്ക്കുകയായിരുന്നു. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ല. അതിനിടെ തങ്ങൾക്കെതിരെ ഗൂണ്ടാ ആക്ട് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സമഗ്രാന്വേഷണമാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി.