പാലക്കാട്: ലോക്ഡൗണ്‍ മൂലം വൈദ്യുതി പ്രവർത്തികൾ കുറഞ്ഞതോടെ കെഎസ്‍ഇബി കരാർ ജീവനക്കാർ പ്രതിസന്ധിയില്‍. ജീവൻ പണയം വെച്ച് ജോലിചെയ്തിരുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലിയില്ല. കേരളം നേരിട്ട രണ്ട് മഹാപ്രളയങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്തവരാണ് കെഎസ്ഇബി കരാർ ജീവനക്കാർ. വൈദ്യുതിക്കാലിടൽ മുതൽ ലൈൻ അറ്റകുറ്റപ്പണി വരെ ചെയ്യുന്നവ‍ർ. എന്നാൽ ഈ ലോക്ഡൗണ്‍ കാലത്ത് തങ്ങളെ അധികാരികൾ മറന്നുപോയെന്നാണ് ഇവരുടെ പരാതി.

പാലക്കാട് ജില്ലയിൽ മാത്രം 1300 ഓളം കരാർ ജീവനക്കാരണുള്ളത്. ഇവരിൽ ഒരു വിഭാഗം അയൽ ജില്ലകളിൽ ജോലിചെയ്യുന്നവരാണ്. അതേസമയം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ അനർഹരെ തിരുകി കയറ്റിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ജോലിപോലും നഷ്ടമാകുന്ന അവസ്ഥയുണ്ടായത്. സർക്കാർ സഹായിക്കണമെന്ന് കാണിച്ച് കരാർ ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.