Asianet News MalayalamAsianet News Malayalam

ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബില്ല്, അമിത ചാർജ്ജ് ഈടാക്കിയില്ലെന്നും ഹൈക്കോടതിയിൽ കെഎസ്ഇബി

ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുൻ ബില്ലുകളുടെ ശരാശരി കണക്കാക്കി നൽകുകയായിരുന്നു

KSEB says no irregularities on power bill in Kerala high court
Author
Kochi, First Published Jun 17, 2020, 10:13 AM IST

കൊച്ചി: ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതിയിൽ കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോർഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നൽകിയതെന്നും പറഞ്ഞു.

ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുൻ ബില്ലുകളുടെ ശരാശരി കണക്കാക്കി നൽകുകയായിരുന്നു. ഉപഭോക്താവ് ബിൽ തുകയുടെ 70 ശതമാനം മാത്രം അടച്ചാൽ മതി. യഥാർത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലിൽ അഡ്‌ജസ്റ്റ് ചെയ്യും.

അമിത ബില്ല് ഈടാക്കുന്നുവെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണ്. ഹർജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങൾ കോടതിയിൽ വൈദ്യുതി ബോർഡ് ഹാജരാക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെഎസ്ഇബി പറഞ്ഞു.

ദ്വൈമാസ ബില്ലിങ്ങ് മാറ്റാനാവില്ല. ഈ രീതി 30 വർഷമായി തുടരുന്നതാണ് . റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ്ങ് നടപ്പാക്കിയാൽ കൂടുതൽ ജീവനക്കാർ വേണ്ടി വരുമെന്നും ഇത് ബോർഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കൾക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോർഡ് വിശദീകരിച്ചു.

നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെഎസ്ഇബിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും അധിക ബിൽ നൽകാത്തതിന്റെ പേരിൽ ആരുടെയും വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്യരുതെന്നും കെഎസ്ഇബിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios