തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനാ വിവാദത്തോടെ സിപിഎം വിഭാഗീത മറനീക്കി പുറത്ത് വരുന്നു.  വിമര്‍ശനങ്ങളും  മുറുമറുപ്പും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം കെഎസ്എഫ്ഇ വിവാദത്തോടെ പരസ്യ പ്രതികരണങ്ങളിലേക്ക് മാറുകയാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിക്കെതിരെ പ്രതികരിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തയ്യാറാകുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് മറുവിഭാഗവും രംഗത്തെത്തുന്നു.

കെഎസ്എഫ്ഇ വിവാദത്തിൽ തോമസ് ഐസക് ഉന്നയിച്ച വൈകാരിക പ്രതികരണത്തിന് വളരെ കരുതലോടെയും അത്രമേൽ പഴുതടച്ചും ആണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.വിഭാഗീയ കാലത്തെ അനുസ്മരിച്ച പിണറായി അതിവിദഗ്ധമായി അതെല്ലാം മാധ്യമങ്ങൾക്കെതിരായ വിമര്‍ശനവുമാക്കി.  കുറച്ച് നാളായി പാര്‍ട്ടിക്കകത്ത് നടക്കുന്ന ചര്‍ച്ചകളും നേതാക്കളുടെ വിമര്‍ശനാത്മക നിലപാടുമെല്ലാം  പൊലീസ് നിയമ ഭേദഗതിയോടെ സംഘടിത രൂപത്തിൽ പുറത്ത് വരുന്നു എന്ന തിരിച്ചറിവ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളിൽ പ്രകടമായിരുന്നു.

മാവോയിസ്റ്റ് വേട്ട,യുഎപിഎ, കണ്‍സള്‍ട്ടന്‍സി വിവാദം , ശിവശങ്കരന്‍ വിഷയം തുടങ്ങിയവയില്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പറഞ്ഞിരുന്നവര്‍ വിമര്‍ശനം പരസ്യമാക്കി. ആദ്യം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി, തുടര്‍ന്ന് സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുളള എ വിജയരാഘവന്‍, തുടര്‍ന്ന് തോമസ്ഐസക്ക് തൊട്ടുപിന്നാലെ വിജിലന്‍സിനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദന്‍. പരസ്യവിമര്‍ശനം വേണ്ടെന്ന പാര്‍ട്ടി വിലക്ക് ലംഘിച്ച് ആനത്തലവട്ടം ആനന്ദന്‍ തുറന്നടിച്ചതോടെയാണ് മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. 

 2018 മുതലുള്ള വിജിലന്‍സ് റയ്ഡ് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി വിശദമായ മറുപടി പറഞ്ഞത് ശരിക്കും മറുഭാഗത്തുള്ളവരെ ലക്ഷ്യം വച്ചായിരുന്നു. മുഖ്യമന്ത്രിയുടെ എക്കാലത്തെയും വിശ്വസ്തനായ മന്ത്രി ഇപി ജയരാജനും, ആലപ്പുഴയിലെ ഐസക്കിന്‍റെ പാര്‍ട്ടിയിലെ എതിരാളിയായ മന്ത്രി ജി സുധാകരനും മുഖ്യമന്ത്രിയെ പിന്തുണച്ചു. 

കെഎസ്എഫ്ഇ വിവാദത്തോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് ചേരി രൂപപ്പെട്ടിരിക്കുകയാണ്. . .സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായിയുടെ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. അത് തിരിച്ചറിഞ്ഞാണ് പഴയ മാധ്യമസിന്‍റിക്കേറ്റെന്ന പ്രയോഗം മുഖ്യമന്ത്രി  നടത്തിയത്. മുഖ്യമന്ത്രിയെ അനുകൂലിച്ചും ഐസക്കിനെ തള്ളിപറഞ്ഞും സഹമന്ത്രിമാര്‍ തന്നെ രംഗത്തെത്തിയെങ്കിലും പല കാര്യങ്ങളിലുമുളള എതിര്‍പ്പ് പരസ്യമായി പറയാന്‍ കഴിഞ്ഞത് വലിയ കാര്യമായാണ് മറുപക്ഷം കരുതുന്നത്.