Asianet News MalayalamAsianet News Malayalam

യാത്രക്കാ‍ർ പെരുവഴിയിലാകും: കെഎസ്‍ആർടിസി ഉച്ച വരെ റദ്ദാക്കിയത് 100 സർവീസുകൾ, നാളെ 500

2108 എം പാനൽ ഡ്രൈവർമാരെയാണ് ഒറ്റ രാത്രി കൊണ്ട് കെഎസ്‍ആർടിസിക്ക് പിരിച്ചു വിടേണ്ടി വന്നത്. പ്രതിസന്ധി പരിഹരിക്കാൻ നാളെ അവധിയിലുള്ള എല്ലാ ജീവനക്കാരോടും തിരിച്ചു വരാൻ പറഞ്ഞിരിക്കുകയാണ് കെഎസ്‍ആർടിസി.

ksrtc crisis due to mass dismissal of m panel drivers
Author
Thiruvananthapuram, First Published Jun 30, 2019, 2:23 PM IST

തിരുവനന്തപുരം: താൽക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിൽ പ്രതിസന്ധിയിലായി കെഎസ്ആർടിസി. അവധി ദിനമായ ഇന്ന് സംസ്ഥാനത്ത് ഉച്ച വരെ നൂറിലേറെ സർവ്വീസുകൾ മുടങ്ങി. പ്രവൃത്തി ദിനമായ നാളെയാകും കടുത്ത പ്രശ്നം. നാളെ അവധിയായ ജീവനക്കാരോട് ഉടനത് റദ്ദാക്കി ജോലിക്ക് ഹാജരാകാൻ കെഎസ്‍ആർടിസി എംഡി നിർദേശം നൽകിയിട്ടുണ്ട്. 

താൽക്കാലിക കണ്ടക്ടർമാർക്ക് പിന്നാലെ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടേണ്ടിവന്നതോടെയാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം ഇന്നലെ രാത്രിയാണ് 2108 താൽക്കാലിക ഡ്രൈവർമാരെ സർക്കാർ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചു വിടാൻ കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞതോടെയാണ് രാത്രിയോടെ ഇത്രയധികം പേരെ കെഎസ്ആർടിസി ഒറ്റയടിക്ക് പിരിച്ചു വിട്ടത്. 

രാവിലെ പലയിടത്തും ബസ്സോടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. കൊട്ടാരക്കര ഡിപ്പോയിൽ മാത്രം 40 സർവ്വീസ് മുടങ്ങി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂർ സബ് ഡിപ്പോയിൽ പത്ത് സർവ്വീസുകൾ മുടങ്ങി. കരുനാഗപ്പള്ളിയിൽ 71-ൽ 7 സർവ്വീസുകൾ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയിൽ ഡ്രൈവർ ഇല്ലാത്തതിനാൽ റോസ്‍മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയിൽ 55 സർവീസുകളുള്ളതിൽ 18 സർവീസുകൾ ഇന്ന് റദ്ദാക്കി. കോട്ടയത്ത് 19 കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കി.

അവധി ദിനമായതിനാൽ ഇന്നത്തെ സർവ്വീസ് മുടക്കം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. പക്ഷെ നാളെ അതാകില്ല സ്ഥിതി. കെഎസ്ആർടിസിക്ക് ഏറ്റവും കളക്ഷൻ കിട്ടുന്ന തിങ്കളാഴ്ച വൻ പ്രതിസന്ധിയാകും. ടേൺ അനുസരിച്ച് നാളെ അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സർവ്വീസുകൾ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്മെന്‍റ് സോണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നതിൽ സർക്കാറിനും ആശങ്കയുണ്ട്. പിരിച്ചുവിട്ടവരെ വീണ്ടും കരാ‍ർ അടിസ്ഥാനത്തിൽ തിരിച്ചുനിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേ സമയം പിഎസ്‍സി റാങ്ക് പട്ടികയിൽ നിന്നും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഡ്രൈവർമാർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം. അതായത്, അതുവരെ കെഎസ്ആ‍ടിസിയിൽ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ചുരുക്കം. 

Follow Us:
Download App:
  • android
  • ios