ഓരോ ഡിപ്പോകൾക്കും ആവശ്യമുളളയത്രയും ഡ്രൈവര്‍മാരെ തിരിച്ചെടുക്കാമെന്നാണ് തീരുമാനം. 

തിരുവനന്തപുരം: പിരിച്ചുവിട്ട താൽകാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ തിരിച്ചെടുക്കാൻ കെഎസ്ആര്‍ടിസി തീരുമാനം. താൽകാലിക ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് കഴിഞ്ഞ രണ്ട് ദിവസമായി ബസ്സോടിക്കാൻ ആളില്ലാതെ കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഗതാഗത സെക്രട്ടറിയും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനം ആയത്. 

നേരത്തെ ഗതാഗത മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2108 ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി പിരിച്ച് വിട്ടത്. ഇവരെ എല്ലാം തിരിച്ചെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ രണ്ട് ദിവസത്തിനകം തുടങ്ങും. തിരിച്ചെടുക്കുന്ന താൽകാലിക ജീവനക്കാര്‍ക്ക് ഡ്യൂട്ടി പാസോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാകില്ലെന്നും ചര്‍ച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഓരോ ഡിപ്പോകൾക്കും ആവശ്യമുളളത്രയും പേരെ തിരിച്ചെടുക്കാമെന്നാണ് ധാരണ

 ഓടിക്കാൻ ഡ്രൈവര്‍മാരില്ലാത്ത സാഹചര്യത്തിൽ ഇന്ന് മാത്രം 390 ബസ്സ് സർവീസുകൾ മുടങ്ങിയെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്. സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിർദ്ദേശം.