പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന എത്തിയ സൂപ്പര്‍ ഡീലക്സ് ബസില്‍ ഉപയോഗിച്ച മെഷീനാണ് പൊട്ടിത്തെറിച്ചത്. പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന്‍ സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്. 

സുല്‍ത്താന്‍ബത്തേരി: ടിക്കറ്റ് പ്രിന്റിങ് മെഷീന്‍ (Ticket Machine) പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി (KSRTC) കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമ മുറിയില്‍ രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന എത്തിയ സൂപ്പര്‍ ഡീലക്സ് ബസില്‍ ഉപയോഗിച്ച മെഷീനാണ് പൊട്ടിത്തെറിച്ചത്. പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന്‍ സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടയിലായിരുന്നു മെഷീന്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഈ സമയം ബര്‍ത്തിലായിരുന്നു മെഷീന്‍ സൂക്ഷിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. 

കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മെഷീന്‍ ബര്‍ത്തില്‍ നിന്ന് ഉടന്‍ മാറ്റിയിട്ടു. ഇതിനിടെയാണ് ഇരുവരുടെയും വിരലുകള്‍ക്ക് പൊള്ളലേറ്റത്. അതേസമയം മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച് ജീവനക്കാര്‍ക്ക് വ്യക്തതയില്ല. അന്വേഷണത്തിനുവേണ്ടി മെഷീന്‍ മാറ്റിയിട്ടുണ്ട്. ഒരുമാസം മുമ്പ് മൈക്രോ എഫ്എക്സ് എന്ന കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്നും ജീവനക്കാര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി കമ്പനി അധികൃതരെയും വിവരമറിയിക്കും.