കോഴിക്കോട്/തിരുവനന്തപുരം: വലിയ വരുമാന നഷ്ടത്തോടെയാണ് കെസ്ആർടിസി ബസ് സർവ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. വരുമാന നഷ്ടത്തോട് കൂടി നടത്തി കൊണടുപോവുക വലിയ പ്രയാസമാണെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സഹായിക്കണമെന്ന് നിതിൻ ഗഡ്കരിയോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി കോഴിക്കോട് പറഞ്ഞു.

കെഎസ്ആർടിസിക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇന്ധന വിലയിൽ കുറവ് വരുത്തണമെന്നുമാകും കേന്ദ്ര സർക്കാരിനോട് പ്രധാനമായും ആവശ്യപ്പെടുക.

ലോക്ഡൗണ്‍ സർവ്വീസിൽ ആദ്യദിനം കെഎസ്ആർടിസിക്ക് വൻ നഷ്ടമാണ് ഉണ്ടായത്. 35ലക്ഷം കളക്ഷൻ കിട്ടിയപ്പോൾ അറുപത് ലക്ഷമാണ് നഷ്ടം. ഇന്ന് തിരക്ക് കൂടിയെങ്കിലും സർവീസുകൾ കുറഞ്ഞത് യാത്രക്കാരെ വലച്ചു. ആകെ സീറ്റെണ്ണത്തിന്‍റെ പകുതിയിൽ മാത്രം യാത്രക്കാരെ അനുവദിച്ച് സർവ്വീസ് തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച മിനിമം കളക്ഷൻ പോലും എത്തിയില്ല. 35,32,465 രൂപയാണ് ആദ്യ ദിനം എത്തിയത്.

2,12,310 കിലോമീറ്റർ ഓടിയപ്പോൾ ഒരു കിലോമീറ്ററിന് നഷ്ടം 28 രൂപ. ലോക്ഡൗണ്‍ സർവ്വീസിൽ അൻപത് ശതമാനം നിരക്ക് കൂട്ടിയിട്ടും പിടിച്ച് നിൽക്കാനായില്ല. തിരുവനന്തപുരം സോണിൽ പതിനാറ് ലക്ഷവും എറണാകുളം സോണിൽ പന്ത്രണ്ടര ലക്ഷവും മലബാറിൽ ആറര ലക്ഷവുമാണ് ഇന്നലത്തെ വരുമാനം. രണ്ടാം ദിനം യാത്രക്കാരുടെ തിരക്ക് കൂടി. എന്നാൽ സർവ്വീസുകൾ കൂട്ടാത്തത് യാത്രക്കാരുടെ കാത്തിരിപ്പ് കൂട്ടി.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് കുട്ടികളെ കൊണ്ടു പോകാൻ ആവശ്യമെങ്കിൽ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്തു. രണ്ട് മൂന്ന് ദിവസത്തിനകം സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുടെ സംഘടനകളുമായി പുതിയൊരു ചർച്ച ആവശ്യമില്ലെന്ന് എ കെ ശശീന്ദ്രൻ പറയുന്നു.

സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ ന്യായമല്ല എന്ന് പറയുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ പരിഗണിക്കാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇൻഷ്വുറൻസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിശോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുടമകളുടെ പ്രയാസം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും അതുകൊണ്ടാണ് റോഡ് ടാക്സ് മൂന്നുമാസത്തേക്ക് ഇളവ് കൊടുത്തതെന്നു ശശീന്ദ്രൻ വിശദീകരിച്ചു.