ആലപ്പുഴ ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പരിഹാസത്തിനെതിരെ കെ.എസ്.യു പ്രതികരിച്ചു. പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി അൽപം കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ: ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പരിഹാസത്തിനെതിരെ കെ.എസ്.യു രം​ഗത്ത്. കെ.എസ്‌.യു പ്രവർത്തകർ ഉന്നയിച്ചത് വൈകാരികമായ പരാതിയായിരുന്നുവെന്ന് പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. അതേക്കുറിച്ച് പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി അൽപം കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കെഎസ് യുവിൻ്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലീഡർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയായ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒരാൾ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആയിരുന്നുവെന്നും ഒരാൾ എബിവിപി ആയിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം പരാതിപ്പെട്ടു എന്നാണ് വാർത്ത വന്നത്. തന്നോട് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയർന്ന രണ്ട് പേരുടേയും പേര് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുണ്ട്. പശ്ചാത്തലം കൂടി പരിശോധിച്ചാണ് നിയമനം നടത്തിയത്. എജിയോട് അഭിപ്രായം തേടി. 

അല്ലാതെ കോൺഗ്രസിന്റെ പോഷക സംഘടന തരുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം ലോ കേളേജിലെ കെ എസ് .യു യൂണിറ്റ് കമ്മിറ്റിക്കൊന്നും പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.