കമഴ്ന്നു വീണാല്‍ കാല്‍പ്പണം എന്നതാണ് മന്ത്രിമാരുടെ വകുപ്പുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുഅവസ്ഥ.

തിരുവനന്തപുരം:ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 8 വര്‍ഷത്തെ ഭരണത്തിന്‍റെ ആകെത്തുകയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഖജനാവ് കാലിയായി ജനങ്ങള്‍ പിച്ചച്ചട്ടി എടുക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ബീച്ച് ടൂറിസം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. കനത്ത മഴയത്ത് ജീവിതം വഴിമുട്ടി നില്ക്കുമ്പോള്‍ ലോകകേരള സഭയെന്ന മാമാങ്കത്തിന് വീണ്ടും കോടികള്‍ അനുവദിച്ചു.

ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി സെക്രട്ടറി തന്നെ ഉദ്ഘാടനം ചെയ്യുന്ന കലികാലമാണിത്. കൊന്നൊടുക്കുന്നതും ബോംബുകള്‍ നിര്‍മിക്കുന്നതും, കൊലനടത്തുന്നതുമെല്ലാം ആഘോഷമാക്കിയ ഇതുപോലൊരു പാര്‍ട്ടി ഭീകരരാജ്യങ്ങളില്‍ മാത്രമേ കാണുകയുള്ളു.

വികസന- ക്ഷേമരംഗത്ത് തകര്‍ച്ചകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം 100 കോടി രൂപ മുടക്കി നടത്തിയതുപോലുള്ള ആഘോഷങ്ങള്‍ ഇത്തവണ ഇല്ലാത്തത് ആഘോഷിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. കേരളമെന്ന ദുരിതവീട്ടില്‍ എന്ത് ആഘോഷിക്കാന്‍? തെരഞ്ഞെടുപ്പ് ചട്ടം ഉള്ളതുകൊണ്ടാണ് ആഘോഷമില്ലാത്തതെന്ന് പിണറായി ഭക്തര്‍ക്ക് ന്യായീകരിക്കാം. എന്നാല്‍ പാര്‍ട്ടി മുഖപത്രം പോലും വാര്‍ഷികത്തെ തമസ്‌കരിച്ചു. ആഘോഷിക്കാന്‍ ഇറങ്ങിയാല്‍ ജനം പത്തലെടുക്കും എന്നതാണ് അവസ്ഥ.

പുതിയ സംരംഭങ്ങളോ തൊഴിലോ ഇല്ല. വിദ്യാഭ്യസ വകുപ്പ് ദുര്‍ഗന്ധം വമിക്കുന്ന ഈജിയന്‍ തൊഴുത്തായി. തൊഴിലോ, മെച്ചപ്പെട്ട വിദ്യാഭ്യാസമോ ഇല്ലാത്തിതിനാല്‍ യുവാക്കളും വിദ്യാര്‍ത്ഥികളും കേരളം വിട്ടോടുകയാണ്. അധികം വൈകാതെ മലയാളികളില്ലാത്ത നാടായി കേരളം മാറുന്ന സാഹചര്യമാണ് പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ ഏത് അവയവമാണ് നഷ്ടപ്പെടുന്നത് എന്നതാണ് രോഗികളുടെ ആശങ്ക. മരുന്നോ, ചികിത്സയോ ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ കേരളത്തിന്റെ പുകഴ്പെറ്റ ആരോഗ്യസംവിധാനത്തിന് നാണക്കേടാണ്.

കമഴ്ന്നു വീണാല്‍ കാല്‍പ്പണം എന്നതാണ് മന്ത്രിമാരുടെ വകുപ്പുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുഅവസ്ഥ. 40 വാഹനങ്ങളുടെയും അനേകം സുരക്ഷാഭടന്മാരുടെയും ഇടയില്‍നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയാല്‍ ഈ നാടും ജനങ്ങളും അനുഭവിക്കുന്ന മഹാദുരിതങ്ങള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കാണാം. ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു.