Asianet News MalayalamAsianet News Malayalam

ബന്ധുനിയമനം: ജലീലിന് സുപ്രീം കോടതിയിലും തിരിച്ചടി, തള്ളും മുൻപ് ഹർജി പിൻവലിച്ച് അഭിഭാഷകൻ

വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

KT Jaleel plea against Lokayukta order rejected at Supreme court
Author
Thiruvananthapuram, First Published Oct 1, 2021, 11:29 AM IST

ദില്ലി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് തള്ളാൻ തീരുമാനിച്ചതോടെ എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.

കേസില്‍ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടിയായിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. ലോകായുക്തയുടെ ഉത്തരവില്‍ വീഴ്ചയില്ലെന്ന്  വ്യക്തമാക്കിയ കോടതി, സ്വാർത്ഥലാഭത്തിനായി ഒദ്യോഗിക പദവി ദുരുപയോഗിക്കുന്നത് അഴിമതിയാണെന്നും വിമർശിച്ചിരുന്നു.

ബന്ധു കെടി അദീബിനെ  സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന  കോർപറേഷനിൽ  ജനറൽ  മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തുനിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിൽ നി‍ർദേശിച്ചിരുന്നു. ഈ ഉത്തരവാണ് തുടർ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. മന്ത്രി ജലീലിനെ മൂന്നുമാസത്തിനുളളിൽ പുറത്താക്കണമെന്നായിരുന്നു ഉത്തരവ്. തുടർന്ന് ഒന്നാം പിണറായി സർക്കാർ കാവൽ മന്ത്രിസഭാ കാലയളവിൽ മന്ത്രിസ്ഥാനത്ത് നിന്ന് ജലീൽ രാജിവെക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios