മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എംപിയെ പരിഹസിച്ച് മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞാലിക്കുട്ടി സംസ്ഥാനന രാഷ്ട്രീയത്തിൽ സജീവമാകുന്നുവെന്ന തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പരിഹാസം. 2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക എന്നാണ് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചിരിക്കുന്നത്. 

യുഡിഎഫിൻ്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. 

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് ലീ​ഗ് നേതൃത്വം പ്രഖ്യാപിച്ചത്. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞു. മതേതര നിലപാടിൽ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുമെന്നും കെ പി എ മജീദ് പറഞ്ഞു.