നിക്ഷേപം പിൻവലിക്കാൻ ഇടപാടുകാർ, വെറുംകൈയ്യോടെ മടക്കി കുമാരമംഗലം ബാങ്ക്; സമരവുമായി യുഡിഎഫ്
പണം തിരികെ നല്‍കാന്‍ ബാങ്ക് തയ്യാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്ന കാര്യവും നിക്ഷേപകര്‍ ആലോചിക്കുന്നുണ്ട്
ഇടുക്കി: തൊടുപുഴ കുമാരമംഗലം സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി ഇടപാടുകാര്‍. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നും ഇത് അന്വേഷിക്കണം എന്നും ആവശ്യപെട്ട് യുഡിഎഫ് സമരം തുടങ്ങി. അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാലത് താത്കാലികമെന്നുമാണ് ബാങ്കിന്‍റെ വിശദീകരണം.
കുമാരമംഗലം സ്വദേശി മേരി ഭൂമി വാങ്ങാൻ ആഡ്വാന്‍സ് നല്‍കിയ ശേഷം ബാക്കി തുക നല്‍കാനായി നിക്ഷേപം പിന്‍വലിക്കാൻ ബാങ്കിലെത്തിയപ്പോള്‍ പണം ലഭിച്ചില്ല. പണം നൽകാനാവില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ തിരിച്ചയച്ചു. ഇപ്പോള്‍ ഭൂമിക്ക് അഡ്വാന്‍സ് കൊടുത്ത തുക പോലും നഷ്ടമാകുമോയെന്ന പേടിയിലാണ് മേരി.
മേരിയെപ്പോലെ നിരവധി പേർ നിക്ഷേപം പിന്‍വലിക്കാനെത്തി വെറും കയ്യുമായി മടങ്ങുകയാണ്. ബാങ്ക് ഭാരവാഹികള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് യുഡിഎഫിന്‍റെ ആരോപണം. കടമെടുത്തവര്‍ തിരിച്ചടക്കാത്തത് മൂലമുള്ള താത്കാലിക പ്രതിസന്ധി മാത്രമാണെന്ന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി പറയുന്നു. ഇത് പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ബാങ്ക് വിശദീകരിച്ചു.
പണം തിരികെ നല്‍കാന്‍ ബാങ്ക് തയ്യാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്ന കാര്യവും നിക്ഷേപകര്‍ ആലോചിക്കുന്നുണ്ട്. നിക്ഷേപകരുടെ കൂട്ടായ്മ വരും ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കും.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live