കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്.
കൊച്ചി: പ്രായപൂർത്തിയാകുന്നതിന് മുൻപ് കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയിൽ ദമ്പതികളുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനുമാണ് മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഫർമാൻ ഖാൻ മാത്രമാണ് കേസിൽ പ്രതിയെന്ന് മധ്യപ്രദേശ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.
കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. പെൺകുട്ടി കേസിൽ പ്രതിയല്ലെന്നും ഫർമാൻ ഖാൻ മാത്രമാണ് കേസിലെ പ്രതിയെന്നും മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.
കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനനതീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.

