Asianet News MalayalamAsianet News Malayalam

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും: സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയത്.

Kummanam Rajasekharan says he will contest if party insist
Author
Trivandrum, First Published Sep 29, 2019, 7:20 AM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്‍. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി . വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് മുതിർന്ന നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാല്‍ ഇന്നലെ അറിയിച്ചെങ്കിലും കുമ്മനം രാജശേഖരന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. കുമ്മനം മത്സരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.  ഇക്കാര്യത്തിൽ കുമ്മനം സമ്മതമറിയിച്ച് കഴിഞ്ഞു. ഇനി കേന്ദ്രനേതൃത്വം ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയേ വേണ്ടൂ. നാളെ മുതൽ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു ഒ രാജഗോപാൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയത്. വട്ടിയൂർക്കാവിൽ 2011-ലും 2016-ലും ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ൽ കെ മുരളീധരന്‍റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിപക്ഷം കോൺഗ്രസിനായിരുന്നെങ്കിലും അവിടെയും രണ്ടാം സ്ഥാനം കുമ്മനത്തിനായിരുന്നു. 2836 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് അന്ന് തരൂർ നേടിയത്. നഗരകേന്ദ്രീകൃത മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിജെപിയുടെ വലിയ ശക്തികേന്ദ്രവും. അവിടെ പൊരിഞ്ഞ പോരാട്ടം കാഴ്ച വച്ചാൽ, നല്ല സ്ഥാനാർത്ഥിയുമാണെങ്കിൽ ബിജെപിയ്ക്ക് വിജയസാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാൻ മിസോറം ഗവർണർ സ്ഥാനം രാജിവച്ച് എത്തിയ കുമ്മനത്തിന് ആ തരത്തിൽ നല്ല ഇമേജുണ്ട് ബിജെപി പ്രവർത്തകർക്കിടയിൽ. നിലവിൽ എറ്റവും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലാണ് നേതൃത്വം കുമ്മനത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios