ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമർശിച്ചതിന് പിന്നാലെയാണ് കുമ്മനം ശബരിമല സന്ദ‌ർശിക്കുന്നത്.

തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നാളെ ശബരിമലയിലേക്ക് പോകും. രാവിലെ അ‌ഞ്ച് മുപ്പതോെടെ തിരുവനന്തപുരത്ത് നിന്ന് കുമ്മനം ശബരിമലയിലേക്ക് തിരിക്കും.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമർശിച്ച കുമ്മനം രാജശേഖരന്‍റെ പെട്ടന്നുള്ള ശബരിമല സന്ദ‌‌‌ർശനം രാഷ്ടീയ വൃത്തങ്ങളിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. 

ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സർക്കാർ പറയുമ്പോൾ ശബരിമല വിഷയം എങ്ങനെ തമസ്കരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.