തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കുന്നത്തൂർ വിശാലാക്ഷിയും സിപിഐ നേതാവ് രാജീവ് രാജധാനിയും ബിജെപി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് കുന്നത്തൂർ വിശാലക്ഷിയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

നരേന്ദ്രമോദി ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങൾക്കായി നടത്തുന്ന നിശ്ശബ്ദ വിപ്ലവത്തിൽ ആകൃഷ്ടയായി ആണ് കുന്നത്തൂർ വിശാലാക്ഷി ബിജെപി അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന തെറ്റായ നിലപാടിൽ മനം നൊന്താണ് സിപിഐയുടെ കൊല്ലത്തെ പ്രമുഖ നേതാവായ രാജീവ് രാജധാധി ബിജെപിയിലേക്ക് എത്തുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

വിശാലാക്ഷി കെപിസിസി സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ടെന്നും നിലവിൽ കെപിസിസി നിർവാഹക സമിതിയംഗം ആണെന്നും ശ്രീധരൻ പിള്ള അറിയിച്ചു. അഡ്വ.രാജീവ് രാജധാനി കിസാൻ സഭയുടെ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയും ജില്ലാ സഹകരണ ബാങ്കിന്‍റെ മുൻ ഡയറക്ടറും ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. രണ്ട് മുന്നണിയിൽ നിന്നും രണ്ട് പ്രമുഖരായ നേതാക്കൾ ബിജെപിയിലേക്ക് എത്തിയത് ബിജെപിക്ക് അനുകൂലമായി മാറുന്ന വർത്തമാനകാല കേരളരാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന പ്രവണതയായി ആണ് താൻ കാണുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.