വയനാട്: കുറിച്യാർമലയുള്‍പ്പെടുന്ന പൊഴുതന പ‌ഞ്ചായത്തിലാണ് വയനാട്ടിൽ പ്രളയം എറ്റവും കൂടുതൽ നാശം വിതച്ചത്. പഞ്ചായത്തിലെ അങ്കണവാടി മുതല്‍ ആശുപത്രി വരെ പ്രളയജലത്തില്‍ മുങ്ങി. 50 കോടിയുടെ രൂപയുടെ നാശനഷ്ടമാണുണ്ടായത്. മഹാദുരന്തം കഴിഞ്ഞ് ഒരാണ്ട് പിന്നിട്ടിട്ടും വയനാട് കുറിച്യാർ മലയിലുള്ളവർക്ക് ഭീതിയൊഴിഞ്ഞിട്ടില്ല.

സംസ്ഥാനം കണ്ടിട്ടുള്ളതിൽ വച്ച് എറ്റവും വലിയ മണ്ണിടിച്ചിലാണ് അന്ന് കുറിച്യാർ മലയിൽ നടന്നത്. ആളപയാമുണ്ടായില്ലെന്നത് കൊണ്ട് മാത്രം ഈ മണ്ണിടിച്ചിലിനെ പറ്റി തുടർചർച്ചകളോ പഠനങ്ങളോ ഉണ്ടായില്ല. ഇന്നലെ രാത്രി കുറിച്യാർ മലയിൽ വീണ്ടും ഉരുൾപൊട്ടി, കഴിഞ്ഞ വർഷം ഉരുൾപൊട്ടിയ അതേ സ്ഥലത്ത് തന്നെയാണ് ഇന്നലെ രാത്രി 12:30ഓടെ വീണ്ടും ഉരുൾപൊട്ടിയത്. 

ഭാഗ്യത്തിനാണ് അവിടുത്തെ ജനങ്ങളുടെ ജീവൻ രക്ഷപ്പെട്ടതെന്നും കുന്നിൻ ചെരുവിന്‍റെ ബാലൻസ് വീണ്ടെടുക്കപ്പെടുന്നത് വരെ മണ്ണിടിച്ചിൽ തുടരുക തന്നെ ചെയ്യുമെന്നാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി യു ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ പല വീടുകളിലുള്ളവരും ഇവിടം വിട്ടുപോയി, ഇവരുടെ പുനരധിവാസമാണ് അധികൃതരുടെ പ്രധാന വെല്ലുവിളി. സർക്കാരും സന്നദ്ധസംഘടനകളും ചേർന്ന് അന്ന് പൂർണമായും വീട് തകർന്ന 29 പേർക്കും വീട് ഉറപ്പാക്കി. കൃഷിയും കന്നുകാലികളും നശിച്ചവർക്ക് നഷ്ടപരിഹാരവും എത്തിച്ചു.

അപകടകരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 23 വീടുകളില്‍ ഇനിയും താമസിക്കരുതെന്ന് അധികൃതർ വിലക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലെ അപകട സാധ്യതയെ കുറിച്ച് കോഴിക്കോട് എൻഐടി സംഘം പഠനം തുടരുകയാണ്. പഠന റിപ്പോർട്ടനുസരിച്ച് കൂടുതല്‍ പേരോട് താമസം മാറാന്‍ ആവശ്യപ്പെട്ടാല്‍ സർക്കാർ അവർക്കും സൗകര്യങ്ങളൊരുക്കേണ്ടിവരും.