Asianet News MalayalamAsianet News Malayalam

ദുരഭിമാനക്കൊല: അനീഷിനെ കൊന്നത് വടിവാളും കമ്പിയും കൊണ്ട്, പൊലീസ് പരാതി അവഗണിച്ചെന്ന് അനീഷിൻ്റെ കുടുംബം

വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സുരേഷിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അനീഷിൻ്റെ അച്ഛൻ ആറുമുഖൻ വെളിപ്പെടുത്തുന്നു

Kuzhalmandam aneesh murder case
Author
Kuzhalmannam, First Published Dec 26, 2020, 9:58 AM IST

പാലക്കാട്: കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ ഭാര്യവീട്ടുകാര്‍ വെട്ടിക്കൊന്ന യുവാവിൻ്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അനീഷിൻ്റെ ഭാര്യയുടെ അച്ഛനായ പ്രഭുകുമാറിനേയും അമ്മാവനായ സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല അരങ്ങേറിയത്. പ്രണയ വിവാഹത്തിൻ്റെ പേരിൽ അനീഷിൻ്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇതൊരു ദുരഭിമാനക്കൊലയാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷ് ആശുപത്രിയിലെത്തും മുൻപ് മരിച്ചു. 

മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്. സാമ്പത്തികമായി രണ്ട് തട്ടിലുള്ള ഇവരുടെ ജാതിയും വ്യത്യസ്തമായിരുന്നു. വീട്ടുകാരുടെ കനത്ത സമ്മര്‍ദ്ദവും ഭീഷണിയും അവഗണിച്ചാണ് ഹരിത അനീഷിനൊപ്പം ജീവിക്കാനായി വന്നത്. വിവാഹത്തിന് ശേഷം  നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. 

അമ്മാവനായ സുരേഷ് ഒരു തവണ അനീഷിനെ തേടി വീട്ടിലെത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് അനീഷിൻ്റെ ഭാര്യ ഹരിത മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീട്ടിലെത്തിയ സുരേഷ് അനീഷിൻ്റെ ഫോണും കൊണ്ടാണ് പോയത്. വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സുരേഷിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അനീഷിൻ്റെ അച്ഛൻ ആറുമുഖൻ വെളിപ്പെടുത്തുന്നു. അനീഷിനെ മൂന്ന് മാസത്തിനം ഇല്ലാതാക്കുമെന്ന് പ്രഭു കുമാര്‍ ഭീഷണിപ്പെടുത്തിയതായി നാട്ടുകാരനായ അരുണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വടിവാളും കമ്പിയും ഉപയോഗിച്ച് അതിക്രൂരമായാണ് അനീഷിനെ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് വധിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അനീഷിൻ്റെ ശരീരത്തിൽ കുത്തേറ്റ നിരവധി പാടുകളുണ്ടെന്ന സഹോദരൻ്റെ മൊഴിയും ഇതിനെ ശരിവയ്ക്കുന്നു. കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ട പ്രഭുകുമാരിനെ അവിടെ ഒരു ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

ദുരഭിമാന കൊല തടയുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം പരിശോധിക്കണമെന്ന് ആലത്തൂർ എംഎൽഎ കെ.ഡി.പ്രസന്നൻ ആവശ്യപ്പെട്ടു. ദുരഭിമാന കൊല നാടിന് അപമാനമാണെന്നും ഇക്കാര്യത്തിൽ പോലീസിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios