കൊച്ചി: ചാരക്കേസിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവെന്ന് മുൻ എംപി കെ വി തോമസ്. സത്യം ഒരിക്കൽ പുറത്ത് വരും. കെ കരുണകാരന് നിതി ലഭിച്ചില്ല. കരുണാകരനെ കുടുക്കാൻ പലരും ശ്രമിച്ചു. രമൺ ശ്രീവാസ്തവയെ കരുണാകരൻ സസ്പെന്റ് ചെയ്തത് ദുഃഖത്തോടെയാണെന്നും കെ വി തോമസ് പറഞ്ഞു.

ചാരക്കേസ് കെട്ടിച്ചമച്ച എല്ലാവരുടേയും പങ്ക് പുറത്തുവരണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുതെന്നും ഐബി അടക്കം എല്ലാവരും നിയമത്തിന് മുന്നില്‍ വരണമെന്നും നമ്പി നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. ഐഎസ്ആര്‍ഒയുടെ കരാര്‍ തികച്ചും നിയമവിധേയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സൂക്ഷിക്കും. ഇത് സിബിഐക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി.