തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാർലമെന്ററി തെരഞ്ഞെടുപ്പിനില്ലെന്നും കെവി തോമസ് പറഞ്ഞു
കൊച്ചി: കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നന്മയുള്ളവനാണെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ളവർ തിമിംഗലങ്ങളാണെന്നും കെവി തോമസ് തുറന്നടിച്ചു.
തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി. അതിനാൽ തന്നെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാർലമെന്ററി തെരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയ മുൻ കേന്ദ്രമന്ത്രി, താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും പറഞ്ഞു. തന്നെ പാർട്ടിക്കകത്ത് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ ഗ്രൂപ്പിൽ നിന്നു മാറുന്നതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. പിണറായി വിജയനെ കെ റെയിൽ കൊണ്ടു വരുന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്. ന്യൂനതകൾ ചൂണ്ടിക്കാട്ടാം. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. ഒരു സ്ഥാനവും സി പി എം ഓഫർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞത് മുതൽ കെ സുധാകരനടക്കമുള്ളവർ തന്നെ ഗൺപോയിന്റിൽ നിർത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു. സോഷ്യൽ മീഡിയയിലും അപമാനിച്ചു. താൻ കോൺഗ്രസുകാരനാണ്. സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു.
തിരുത തോമയെന്ന് വിളിക്കുന്നതിൽ തനിക്കൊരു പരാതിയും ഇല്ല. താനിപ്പോഴും മത്സ്യം പിടിക്കാറുണ്ട്. താനൊരു മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. ഞാനുൾപ്പെടുന്ന മത്സ്യത്തൊഴിലാളികളെ തന്നെ അപഹസിക്കുന്നു. തന്നെ മാത്രമല്ല, ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വരെ അപഹസിക്കുന്നു. അങ്ങിനെ വന്നപ്പോഴാണ് താൻ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
ഞാനെന്ത് തെറ്റാണ് ചെയ്തത്? 2004 ൽ താൻ ഗ്രൂപ്പിൽ നിന്ന് മാറി. വികാര ജീവിയാണ് സുധാകരൻ. താൻ പാവമാണ്, തന്നെ ഇവർ വെട്ടിലാക്കുമെന്ന് സുധാകരനോട് താൻ പറഞ്ഞിട്ടുണ്ട്. തന്നെ എവിടെയെങ്കിലും അക്കമൊഡേറ്റ് ചെയ്യണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതാണ്. എവിടെയും സീറ്റ് തന്നില്ല. താൻ മാത്രമാണോ സ്ഥാനമാനങ്ങൾ വഹിച്ചത്? എന്നെക്കാൾ കൂടുതൽ സ്ഥാനം വഹിച്ചവരും തന്നേക്കാൾ പ്രായമുള്ളവരും പാർട്ടിയിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മാഡം ഗാന്ധിയും താനുമായി അന്നും ഇന്നും ശക്തമായ ബന്ധമുണ്ട്. എന്നാൽ പുതിയ നേതൃത്വവുമായി ആ ബന്ധമില്ല. 2018 ഡിസംബറിന് ശേഷം തനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. തന്റെ മാത്രം കാര്യമല്ല ഇത്. പല മുതിർന്ന നേതാക്കൾക്കും രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നില്ല. എത്രയോ ദിവസങ്ങൾ കാത്തിരുന്നിട്ടും കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ഗ്രൂപ്പില്ലാത്തതിനാലാണ് തന്നെ ആക്രമിക്കുന്നത്. അല്ലാതെ മറ്റെന്ത് കാരണമാണ്? മുസ്ലിം ലീഗിന്റെ പരിപാടിയിൽ പോയാൽ തന്നെ പച്ച ഷാളും എസ് എൻ ഡി പി പരിപാടിയിൽ പോയാൽ മഞ്ഞ ഷോളും അണിയിക്കുന്നത് പോലെയാണ് എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ചത്. താൻ സിപിഎമ്മിനോട് ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല.
പിണറായി വിജയൻ ഗെയ്ൽ പദ്ധതി നടപ്പിലാക്കി. കേന്ദ്രം അനുവദിച്ച പദ്ധതി മൂന്ന് മുഖ്യമന്ത്രിമാർക്ക് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. പിണറായിക്ക് കഴിഞ്ഞു. പ്രഗത്ഭനായ പദ്ധതിയാണ്. കെ റെയിലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. പിണറായി വിജയന്റെ പദ്ധതിയായത് കൊണ്ട് എതിർക്കരുത്. നെടുമ്പാശേരി വിമാനത്താവളം കരുണാകരന്റെ പദ്ധതിയായിരുന്നു. ഉദ്ഘാടനം ചെയ്തത് ഇകെ നായനാരാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
താനൊരു ചെറിയ മനുഷ്യനാണ്. തന്നെ ആർക്കെങ്കിലും തടയണമെങ്കിൽ തടയാം. പൊലീസും പട്ടാളവും തനിക്ക് ഒപ്പമില്ല. സ്പീഡ് ട്രെയിൻ രാജീവ് ഗാന്ധിയുടെ കൺസെപ്റ്റായിരുന്നു. അത് തന്നെയല്ലേ ഇത്. കേരളത്തിൽ ഇൻവെസ്റ്റ്‌മെന്റ് ഇല്ല. മുൻപ് മകൻ കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ വന്നു. അന്ന് താൻ തടഞ്ഞു. കേരളത്തിൽ മൂന്ന് മാസം പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. മൂന്ന് മാസം കഴിഞ്ഞപ്പോൾ മകൻ തിരികെ പോയി.
കേരളത്തിൽ മീൻ ഫാക്ടറികൾ പൂട്ടിപ്പോയി. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയായി. അന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടത് പ്രകാരം ഫാക്ടറികൾ തുറക്കാൻ ഇടപെടലുണ്ടായി. അന്ന് കെവി തോമസ് സംതൃപ്തൻ എന്ന് വാർത്ത വന്നു. പിന്നെ ഞാൻ ദുഖിച്ചിരിക്കണമായിരുന്നോ? വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ചുമതല നൽകുമോയെന്ന തരത്തിലേക്കൊന്നും ചർച്ച പോകേണ്ടതില്ല.
ഗവർണറുടെ റോളെന്താണ്? സ്വതന്ത്യ വ്യക്തിയായിരിക്കണം എന്നാണ് ജവഹർലാൽ നെഹ്റു പറഞ്ഞിരിക്കുന്നത്. 1959 ലെ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടത് തെറ്റായി പോയെന്ന് നെഹ്റു പിന്നീട് പറഞ്ഞതാണ്. ഇന്ദിരാഗാന്ധിയുടെ സമ്മർദ്ദമായിരുന്നു. കോൺഗ്രസ് തനിക്ക് ജീവിതവും ജീവിത ശൈലിയുമാണ്. ഗാന്ധിജിയുടെ കാഴ്ചപ്പാടാണ് കോൺഗ്രസ്. കോൺഗ്രസുകാരനായിരിക്കാൻ തനിക്ക് സ്ഥാനമാനങ്ങൾ ആവശ്യമില്ല. എന്നും രാവിലെ നടക്കാൻ പോകുന്നില്ലേ. നാളെയും നടക്കാൻ പോകും. അതങ്ങിനെ മുന്നോട്ട് പോകും. തനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവാണ് സോണിയ ഗാന്ധി. രാഹുൽ എനിക്കെന്റെ മൂത്ത മകനെ പോലെയാണ്. രാഹുൽ ഗാന്ധി നാളെ പ്രധാനമന്ത്രിയായാൽ ഏറ്റവും സന്തോഷിക്കുന്നയാളായിരിക്കും താൻ. എന്നാൽ ചില കാര്യങ്ങളിൽ നിലപാടെടുക്കാതെ കഴിയില്ലെന്നും കെവി തോമസ് പറഞ്ഞു.
