പെൻഷൻ തുക ലഭിയ്ക്കാത്തതിനാൽ മരുന്നിന് പോലും ബുദ്ധിമുട്ടുകയാണ്. പെൻഷൻ പുനസ്ഥാപിക്കാൻ നിരവധി തവണ നിവേദനം നൽകിയിട്ടും അഡ്മിനിസ്ട്രേറ്ററും കളക്ടറും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

കൊച്ചി: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരോടും ഭരണകൂടത്തിൻ്റെ അവഗണന. മൂന്ന് മാസമായി പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുകയാണിവ‍ർ.

ആകെ 65000 ജനസംഖ്യയുള്ള ലക്ഷദ്വീപിൽ രണ്ടായിരത്തിലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പ് രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റേയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും രണ്ട് പെൻഷൻ പദ്ധതികളുണ്ട്. 1500 രൂപയാണ് പ്രതിമാസം കിട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷൻ തുക ലഭിച്ചിട്ട് ഒമ്പത് മാസമായി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെത് മുടങ്ങിയിട്ട് മൂന്ന് മാസവും. പെൻഷൻ പുനസ്ഥാപിക്കാൻ നിരവധി തവണ നിവേദനം നൽകിയിട്ടും അഡ്മിനിസ്ട്രേറ്ററും കളക്ടറും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

പെൻഷൻ തുക ലഭിയ്ക്കാത്തതിനാൽ മരുന്നിന് പോലും ബുദ്ധിമുട്ടുകയാണ്. തുക ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ലക്ഷദ്വീപ് ഡിസ് ഏബില്‍ഡ് വെല്‍ഫെയർ അസോസിയേഷന്റെ തീരുമാനം. അടുത്ത ദിവസം ലക്ഷദ്വീപിലെ ഭരണ കേന്ദ്രങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona