തൊഴിലിനായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോഴാണ് മറുവശത്ത് കൂടി ഇഷ്ടക്കാരെ നിയമിക്കുന്നത് തുടരുന്നത്. 

തിരുവനന്തപുരം: കോങ്ങാട് എംഎല്‍എയായിരിക്കെ മരിച്ച കെ വി വിജയദാസിന്റെ മകന്‍ കെ വി സന്ദീപിന് ഓഡിറ്റര്‍ വകുപ്പില്‍നിയമനം. മന്ത്രിസഭാ യോഗത്തിലാണ് സന്ദീപിനെ ഓഡിറ്ററായി നിയമിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉത്തരവിറക്കി. തസ്തികയില്‍ ഒഴിവും സന്ദീപിന് വിദ്യഭ്യാസ യോഗ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് രണ്ടാം തവണയാണ് അന്തരിച്ച എംഎല്‍എമാരുടെ മക്കള്‍ക്ക് പിണറായി സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എയായ കെ കെ രാമചന്ദ്രന്‍ നായരുടെ മകനെ പൊതുമരാമത്ത് വകുപ്പില്‍ നിയമിച്ചതും വിവാദമായിരുന്നു. നിയമനം കോടതി കയറിയെങ്കിലും തുടര്‍നടപടികളായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍മാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സഹോദരി അഡ്വ. വിദ്യാ കുര്യാക്കോസിന് ഗവ. പ്ലീഡറായാണ് നിയമനം. ബിനോയ് വിശ്വം എംപിയുടെ മകള്‍ സൂര്യ ബിനോയെ സീനിയര്‍ ഗവ. പ്ലീഡറായി നിയമിച്ചു. നിലവിലുള്ള ചില പ്ലീഡര്‍മാരെ ഒഴിവാക്കിയപ്പോള്‍, ചിലരെ നിലനിര്‍ത്തി. എംഎല്‍എ പി വി ശ്രീനിജന്റെ ഭാര്യ സോണിയും പ്ലീഡര്‍മാരുടെ പട്ടികയിലുണ്ട്.

ചുരുക്കത്തില്‍ രാഷ്ട്രീയ താല്‍പര്യം മാത്രം മാനദണ്ഡമാക്കിയാണ് ഗവ. പ്ലീഡര്‍മാരുടെ നിയമനം. റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടും, തൊഴിലിനായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോഴാണ് മറുവശത്ത് കൂടി ഇഷ്ടക്കാരെ നിയമിക്കുന്നത് തുടരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona