തിരുവനന്തപുരം: വാളയാർ  പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം കേരള പൊലീസിന്‍റെ ഒത്തുകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു. പീഡനക്കേസില്‍ നാലുപ്രതികളെയും കോടതി വെറുതെ വിട്ടതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ ഉയരുന്നത് രൂക്ഷ വിമര്‍ശനമാണ്. സിപിഐ നേതാവ് ആനി രാജയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

2017  ജനുവരി 13നാണ്  13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ  ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് രണ്ടുപെണ്‍കുട്ടികളും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ  സസ്പെന്‍റ് ചെയ്തിരുന്നു.  

തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. അതേസമയം വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനെക്കുറിച്ച് നിയമോപദേശം നേടിയ പൊലീസ് പൂർണമായ വിധിപകർപ്പ് കിട്ടിയശേഷം അപ്പീല്‍ നല്‍കും. വിധിപ്പകർപ്പ് കിട്ടിയശേഷം തുടർസാധ്യതകൾ പരിശോധിച്ചാവും അപ്പീൽനൽകുക. ഇതുസംബന്ധിച്ച് ഹൈക്കോടതി പ്ലീഡ‍ര്‍മാരുമായി തൃശ്ശൂർ റേഞ്ച് ഡിഐജി സംസാരിച്ചു. അപ്പീല്‍ നല്‍കിയാലും പുരന്വേഷണ സാധ്യതയില്ലെന്നാണ്  പൊലീസ് പറയുന്നത്.