പാലക്കാട് എൽഡിഎഫ് വലിയ വിജയം നേടുമെന്ന് തോമസ് ഐസക്. കോൺഗ്രസിന്റെ 'ബിജെപി ഡീൽ' ആരോപണത്തെ 'കോ-ലീ-ബി' ചരിത്രം ഓർമ്മിപ്പിച്ച് പ്രതിരോധിച്ച അദ്ദേഹം, 60 വർഷത്തെ രാഷ്ട്രീയ ഭൂതകാലം റദ്ദാക്കിയാണ് എംഎൽഎയാകാൻ ജി സുധാകരൻ പാർട്ടി വിട്ടതെന്നും വിമർശിച്ചു. പിഡിപി പിന്തുണയെ ന്യായീകരിച്ച ഐസക്, എൽഡിഎഫിന്റെ മൂന്നാം വരവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു

കൊച്ചി: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ വിജയം നേടുമെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി എൻ എം ആർ റസാഖിനെ മുൻനിർത്തി സി പി എം - ബി ജെ പി ഡീലാണെന്ന കോൺഗ്രസ് ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഐസക്ക് നൽകിയത്. ഇടതുപക്ഷം ഏതെങ്കിലും കാലത്ത് ബി ജെ പിയുമായി തിരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ 'കോ-ലീ-ബി' (കോൺഗ്രസ്- ലീഗ്- ബി ജെ പി) സഖ്യത്തിന്റെ നീണ്ട ചരിത്രം കാണാമെന്നും പരിഹസിച്ചു. ഇ എം എസിനെ തോൽപ്പിക്കാൻ തുടങ്ങിയ ഈ അവിശുദ്ധ ബന്ധം ഇന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തുടർന്നു പോരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി സുധാകരൻ 60 വർഷത്തെ രാഷ്ട്രീയ ഭൂതകാലം റദ്ദാക്കി

ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായിയുടെ 'ചെറ്റത്തരം' പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് സംസാരഭാഷയിലെ ഒരു പ്രയോഗം മാത്രമാണെന്നും അതിന് വലിയ അർത്ഥങ്ങൾ കൽപ്പിക്കേണ്ടതില്ലെന്നും ഐസക് മറുപടി നൽകി. എന്നാൽ സുധാകരനെതിരെ ഐസക് വിമർശനം അഴിച്ചുവിട്ടു. എം എൽ എ ആകാൻ വേണ്ടി സുധാകരൻ തന്റെ 60 വർഷത്തെ രാഷ്ട്രീയ ഭൂതകാലം മുഴുവൻ റദ്ദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സി പി എം വിടാനുള്ള ആശയപരമായ വ്യത്യാസങ്ങൾ ജനങ്ങളോട് പറയാൻ സുധാകരന് സാധിക്കുന്നില്ലെന്നും, അത്തരമൊരു നിലപാട് രാഷ്ട്രീയമായി മോശമാണെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും ഐസക് വിശദീകരിച്ചു. അതേസമയം എൽ ഡി എഫിനുള്ള പി ഡി പി പിന്തുണയെ ഐസക് ന്യായീകരിക്കുകയും ചെയ്തു. പി ഡി പി വർഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണെന്നും നിലവിൽ അവർ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി ഡി പിയെ ഒരു മതരാഷ്ട്ര പ്രസ്ഥാനമായി ഇടതുപക്ഷം വിലയിരുത്തുന്നില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചുള്ള ചോദ്യത്തിന്, 'അത് വേറെ ചോദ്യമായിക്കോട്ടെ' എന്നായിരുന്നു മറുപടി. മതേതര വോട്ടുകൾ ഏകീകരിച്ച് എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും ഐസക് പ്രകടിപ്പിച്ചു.