യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് താൻ ചെയ്ത തെറ്റ് അംഗീകരിച്ച രാഹുൽ മാങ്കൂട്ടത്തിൽ ധാർമികത ഉയർത്തിപ്പിടിച്ച് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. രാഹുൽ മൂല്യങ്ങളിൽ നിന്നും പിന്നോട്ട് പോയി. ഇപ്പോഴും ജനങ്ങളോട് അടക്കം ധിക്കാര മനോഭാവമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രകടിപ്പിക്കുന്നത്. ധാർമികത ഉയർത്തിപ്പിടിച്ച് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
സിപിഎം തെറ്റുകാരെ ആരെയും ന്യായീകരിച്ചിട്ടില്ലെന്നായിരുന്നു ഇടത് നേതാക്കൾക്ക് എതിരായ പീഡന കേസ് സംബന്ധിച്ച ചോദ്യങ്ങളോടുള്ള പ്രതികരണം. ഒരാളുടെ തെറ്റ് മറ്റൊരാളുടെ തെറ്റുകൊണ്ട് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫിന് ഉപ തെരഞ്ഞെടുപ്പ് ഭയം ഇല്ല. ഒപ്പം നിൽക്കുന്നവർക്ക് പോലും കോൺഗ്രസിൽ സംരക്ഷണമില്ലെന്നാണ് കോൺഗ്രസ് എംഎൽഎ ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിന്നും മനസിലാകുന്നതെന്നും ടിപി രാമകൃഷ്ണൻ പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നടപടി
അതേ സമയം, ലൈംഗിക, ഗർഭഛിദ്ര ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഷൻ. എന്നാൽ എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണവും ഉണ്ടാകില്ല.
രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കം നേതാക്കളുയർത്തിയിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നുമുണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അവധിയെടുക്കാൻ കോൺഗ്രസ് നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്.

