പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ രൂക്ഷമായ തർക്കങ്ങളെ തുടർന്ന് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങുന്നു. കോൺഗ്രസ് നേതൃത്വത്തിന് പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്, മുൻ നിലപാട് മാറ്റി പ്രതിപക്ഷം ഈ നീക്കവുമായി മുന്നോട്ട് പോകുന്നത്.
പാലാ: പാലാ നഗരസഭയിലെ കലഹം കലങ്ങിമറിയുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്. നഗരസഭയിലെ യുഡിഎഫിനുള്ളിലെ തർക്കം രൂക്ഷമായതോടെയാണ് ഇന്ന് തന്നെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ എൽഡിഎഫ് പുതിയ നീക്കം ആരംഭിച്ചത്. ഭരണപക്ഷത്തെ തർക്കങ്ങൾ നിരീക്ഷിച്ച് അവിശ്വാസത്തിനില്ലെന്ന് പ്രതിപക്ഷം നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ട് പോകുന്നത്. പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. മുൻപ് പലതവണ ജില്ലാ നേതാക്കൾ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇടപെടൽ തേടിയത്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തർക്കങ്ങൾ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എംപിയും എംഎൽഎയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു ഭരണം തുടരണോ എന്ന് ചോദിക്കുന്ന നേതാക്കളും കോൺഗ്രസിലുണ്ട്.
ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഐക്യകണ്ഠേന പ്രമേയം പാസാക്കിയത്. നഗരസഭയിലെ ചില കൗൺസിലർമാരാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കെതിരെ ആദ്യം ശബ്ദമുയർത്തിയതെങ്കിലും ഇപ്പോൾ പ്രാദേശിക പാർട്ടി ഒന്നാകെ എതിർപ്പറിയിക്കുകയാണ്. എന്നാൽ മണ്ഡലം കമ്മിറ്റിയുടെ പ്രമേയം മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് സ്വതന്ത്ര കൂട്ടായ്മയായ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രതികരണം. മുതിർന്ന നേതാക്കൾ ഔദ്യോഗികമായി അറിയിച്ചാൽ നിലപാട് പറയുമെന്നും അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്നും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെയുള്ള പ്രതിപക്ഷ നിലപാട്
നഗരസഭയിലേത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമാണെന്നും സ്വതന്ത്ര മുന്നണിയുമായി സഹകരിച്ചാൽ അപകടമാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി മുൻപ് പ്രതികരിച്ചിരുന്നു. കേരള കോൺഗ്രസ് എം അവരുമായി സഹകരിക്കില്ലെന്നും നഗരസഭ അനാഥമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കടുത്ത ഭരണപ്രതിസന്ധിയാണ് നിലവിലുള്ളതെന്നും ചെയർപേഴ്സൺ അടക്കമുള്ളവർ സ്വയം രാജിവെക്കാൻ തയ്യാറാകുകയാണെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ട ആവശ്യം വരുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ മുൻപ് അറിയിച്ചിരുന്നത്. എന്നാൽ നഗരസഭയ്ക്കുള്ളിലെ ആഭ്യന്തര തർക്കം വീണ്ടും മുറുകിയതോടെയാണ് അവിശ്വാസം കൊണ്ടുവരില്ലെന്ന് പറഞ്ഞിരുന്ന എൽഡിഎഫ് നിലപാട് മാറ്റി ഇന്ന് തന്നെ നോട്ടീസ് നൽകാൻ ഒരുങ്ങുന്നത്.


