തിരുവനന്തപുരം: യുഡിഎഫിൻ്റെയും ബിജെപിയുടെയും എസ്ഡിപിഐയുടേയും പിന്തുണയോടെ ജയിച്ച ഇടത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ മിനുട്ടുകൾക്കുള്ളിൽ രാജിവെച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണയിൽ കിട്ടിയ പ്രസിഡന്‍റ് സ്ഥാനങ്ങൾ ഇതുവരെ യുഡിഎഫ് രാജിവെച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷനേതാവിൻ്റെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ ബിജെപിയെ അകറ്റാൻ യുഡിഎഫ് പിന്തുണയിൽ സിപിഎം പ്രസിഡന്‍റ് അധികാരത്തിലെത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പലയിടത്തും ഉണ്ടായത് അപ്രതീക്ഷിത കൂട്ടുകെട്ടും കളംമാറി ചവിട്ടലുകളുമാണ്. യുഡിഎഫിന്‍റെയും എസ്ഡിപിഐയുടേയും ബിജെപിയുടേയും പിന്തുണയിൽ ഇടത് അംഗങ്ങൾ പ്രസിഡന്‍റായത് വലിയ ചർച്ചയായതോടെ ആറിടങ്ങളിലെ ഭരണം എൽഡിഎഫ് വേണ്ടെന്ന് വച്ചു. ബിജെപി പിന്തുണയോടെ റാന്നയിൽ കിട്ടിയ പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് പിന്തുണയിൽ ഭരണത്തിലെത്തിയ അവിണിശ്ശേരി, തിരുവൻവണ്ടൂർ പഞ്ചായത്ത് ഭരണവും എസ്ഡിപിഐ പിന്തുണച്ച പത്തനംതിട്ടയിലെ കോട്ടാങ്ങലും തിരുവനന്തപുരത്തെ പാങ്ങോടും ഇങ്ങനെ ഭരണമൊഴിഞ്ഞ സ്ഥലങ്ങളാണ്. കേരള കോണ്‍ഗ്രസ് അംഗം ശോഭ ചാര്‍ളിയാണ് റാന്നിയിൽ ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായതും പിന്നെ രാജിവെച്ചതും. 

ബിജെപി അധികാരത്തിലുണ്ടായിരുന്ന അവിണിശ്ശേരിയിൽ അഞ്ചംഗങ്ങളുള്ള എൽഡിഎഫിനെ മൂന്ന് അംഗങ്ങളുള്ള യുഡിഎഫ്, പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ആറംഗങ്ങളുള്ള ബിജെപി തോറ്റു. തെരഞ്ഞെടുക്കപ്പെട്ട എൽ ആര്‍ രാജു ഉടനടി രാജിവച്ചു. തിരുവൻ വണ്ടൂരിൽ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റായ സിപിഎമ്മിലെ ബിന്ദുകുരുവിളയാണ് രാജിവച്ചത്. ബിജെപി അധികാരത്തിൽ വരുന്നത് തടയാനായിരുന്നു എൽഡിഎഫിന് വോട്ട് ചെയ്തതെന്ന് യുഡിഎഫ് വിശദീകരിക്കുന്നു. വടകര അഴിയൂരിലും എസ്ഡിപിഐ അംഗങ്ങള്‍ ഇടത് മുന്നണിക്ക് വോട്ട് ചെയ്തെങ്കിലും നറുക്കെടുപ്പിലൂടെ ഭരണം കിട്ടിയത് യുഡിഎഫിനാണ്. തിരുവനന്തപുരത്തെ വെമ്പായത്തും  കൊല്ലത്തെ പോരുവഴിയിലും എസ്ഡിപിഐ പിന്തുണയിൽ  യുഡിഎഫിന് ഭരണം കിട്ടി. 

ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായയത്തിലും കുമ്പളയിലും എസ്ഡിപിഐ പിന്തുണിയലാണ് യുഡിഎഫ് ഭരണം പിടിച്ചത്. ബിജെപി വലിയ കക്ഷിയായ മീ‌‌‌ഞ്ച പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ സിപിഐയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി ജയിച്ചു. യു‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്ന കുംബഡാജെ പഞ്ചായത്തിൽ സിപിഐ അംഗത്തിന്‍റെ പിന്തുണയിൽ യുഡിഎഫ് അധികാരത്തിലെത്തി.  ഇതോടെ കാസര്‍കോട് ഏഴ് പഞ്ചായത്തുകളിൽ നിർണായക ശക്തിയായിട്ടും മൂന്നിടത്ത് മാത്രമായി ബിജെപി ഭരണം ചുരുങ്ങി. 

അതേസമയം മഞ്ചേശ്വരം പഞ്ചായത്തിൽ  ബിജെപി അംഗങ്ങളുടേയും ഇടത് സ്വതന്ത്രന്‍റേയും പിന്തുണയിൽ കോൺഗ്രസ് വിമത പ്രസിഡന്‍റായി.  തിരുവനന്തപുരത്തെ വിളപ്പിലിൽ യുഡിഎഫ് വിമതയെ പ്രസിഡന്‍റാക്കിയാണ് ബിജെപി ഭരണം പിടിച്ചത്. കൊല്ലത്തെ കല്ലുവാതുക്കലിൽ ആറ് ഇടത് അംഗങ്ങള്‍ വിട്ടു നിന്നതോടെ എട്ട് അംഗങ്ങളുള്ള യുഡിഎഫിനെ തോല്പിച്ച് 9 അംഗങ്ങളുള്ള ബിജെപി ഭരണം പിടിച്ചു.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം അംഗങ്ങളുടെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. ഉഴവൂരില്‍ യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ വണ്‍‍ ഇന്ത്യ വൺ പെൻഷൻ പ്രതിനിധി പ്രസിഡൻ്റായി. രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുതൂറിലാണ് ബിജെപിയെ അകറ്റാൻ ഇടതുമായി യുഡിഎഫ് കൈകോർത്തത്.