തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭാ സീറ്റ് ഉപാധികളോടെ എൽജെഡിക്ക് നൽകാൻ എൽഡിഎഫിൽ ധാരണ. ഈ സീറ്റിൻറെ കാലാവധി തീരുമ്പോൾ അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധിയോടെയാണ് പാർട്ടിക്ക് സീറ്റ് വിട്ടു നൽകുന്നത്. 

സീറ്റ് നൽകുന്നതിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടത്തിയാണ് ധാരണയായത്. ശനിയാഴ്ച എൽഡിഎഫ് യോഗം ചേർന്ന് അന്തിമപ്രഖ്യാപനം നടത്തും. ഒരു വർഷവും എട്ട് മാസവുമാണ് ഒഴിവുള്ള രാജ്യസഭാ സീറ്റിൻ്റെ ബാക്കിയുള്ള കാലാവധി. 

എംപി വീരേന്ദ്രകുമാറിൻ്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ മകൻ എം വി ശ്രേയാംസ്കുമാറിനെ മത്സരിപ്പിക്കാനാണ് എൽജെഡി തീരുമാനം. എൽഡിഎഫ് ജയിക്കുമെന്നതിനാൽ സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്നതിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.