മൂവാറ്റുപുഴയിൽ പുതിയതായി ആരംഭിച്ച കെ എസ് ആർ ടി സി ബസ് സർവീസിന്‍റെ ക്രെഡിറ്റിനെ ചൊല്ലി എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
മൂവാറ്റുപുഴ: കെ എസ് ആർ ടി സി സർവീസിനെ ചൊല്ലി എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മൂവാറ്റുപുഴയിൽ നിന്നും പുതിയതായി ആരംഭിച്ച ബസ് സർവീസിനെ ചൊല്ലിയായിരുന്നു തർക്കം. ബസ് അനുവദിച്ചതിൽ അവകാശവാദം ഉന്നയിച്ചാണ് എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. വണ്ടിയുടെ മുൻപിൽ എൽ ഡി എഫ് വച്ച ഫ്ളക്സ് യു ഡി എഫ് പ്രവർത്തകർ നീക്കിയതോടെയാണ് കയ്യാങ്കളിയുണ്ടായത്. മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ ബസിൽ ഇരിക്കുമ്പോഴാണ് പുറത്ത് എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
"മൂവാറ്റുപുഴയിൽ നിന്ന് കിഴക്കേക്കര രണ്ടാർ കോട്ട റോഡ് വഴി അൽ അസർ മെഡിക്കൽ കോളേജിലേക്ക് പുതിയതായി കെ എസ് ആർ ടി സി ബസ് അനുവദിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങൾ" എന്നാണ് ബാനറിൽ എഴുതിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെയും ഫോട്ടോകളും ബാനറിലുണ്ടായിരുന്നു.
സന്തോഷകരമായ അവസരത്തിൽ വെറുതെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടന്നതായി മാത്യു കുഴൽനാടൻ പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാറാണെന്നും മൂവാറ്റുപുഴ എം എൽ എ താനാണെന്നും നാട്ടുകാർക്ക് അറിയാമല്ലോ. ആരുടെ നേട്ടം എന്നു പറഞ്ഞ് കടിപിടി കൂടേണ്ട കാര്യമെന്താണെന്ന് മാത്യു കുഴൽനാടൻ ചോദിക്കുന്നു. ആളുകൾ പുച്ഛത്തോടെയാണ് ഇതെല്ലാം നോക്കിക്കാണുന്നത്. ഇതൊന്നുമല്ല രാഷ്ട്രീയ പ്രവർത്തനമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. നിർഭാഗ്യകരമായ നിലപാടാണ് സി പി എം സ്വീകരിച്ചതെന്നും എം എൽ എ വിമർശിച്ചു. താൻ ക്രെഡിറ്റെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.


