തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള യുഡിഎഫ് ശ്രമത്തെ ചൊല്ലി മുന്നണികൾ തമ്മിൽ വാക്പോര് മുറുകുന്നു. യുഡിഎഫിന്റെ തീരുമാനം അപകടകരമായ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ ജി വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ആലോചിച്ചിട്ടില്ലെന്നും അങ്ങിനെ ഒന്ന് തീരുമാനിച്ചിട്ടുമില്ലെന്നുമായിരുന്നു യുഡിഎഫ് കൺവീനർ എംഎം ഹസന്റെ പ്രതികരണം.

വെൽഫയർ പാർട്ടിയുമായുള്ള യുഡിഎഫ് സഹകരണം അപകടകരമായ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ വിമർശിച്ചു. വർഗീയ ശക്തികളെ ഒപ്പം കൂട്ടുന്നത് തകർച്ച മുന്നിൽ കണ്ടാണ്. കോൺഗ്രസ് ഇതിനെ എതിർക്കാത്തത് ആശങ്കാജനകമാണ്. ഹിന്ദു തീവ്രവാദവും മറുഭാഗത്ത് ശക്തിപ്പെടുമെന്നും വിജയരാഘവൻ പറഞ്ഞു.

എല്ലാ സാമൂഹിക നേതാക്കളുമായും കാണുന്നതിന്റെ ഭാഗമായാണ് വെൽഫെയർ പാർട്ടി നേതാക്കളെ സന്ദർശിച്ചത്. യുഡിഎഫിന് പുറത്തെ ഒരു കക്ഷിയുമായും സഖ്യത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. യുഡിഎഫുമായി സഹകരണമെന്ന വെൽഫെയർ പാർട്ടിയുടെ പ്രസ്താവന തെറ്റാണ്. യുഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കെ മുരളീധരന്റെ വാദവും ഹസൻ തള്ളി. യുഡിഎഫിന് തൊട്ടുകൂടായ്മയുള്ളത് ബിജെപിയും സിപിഎമ്മുമായും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ സിപിഎമ്മിന് തങ്ങളെ വിമർശിക്കാൻ അവകാശമില്ലെന്നും ഹസൻ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ വാങ്ങിയത് എൽഡിഎഫാണ്. കിട്ടാത്ത മുന്തിരി പുളിക്കും. ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണ് വിജയരാഘവന്റെ പ്രസ്താവന. ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാൻ പോകുന്നത് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അന്വേഷണത്തിന്റെ പദ്മവ്യൂഹത്തിൽ കഴിയുന്ന പിണറായി സ്വയരക്ഷയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.