കണക്ക് കൂട്ടലുകൾ ഇങ്ങനെയൊക്കെ പോകുമ്പോൾ പി വി അൻവർ ഫാക്ടർ ചതിക്കുമോ എന്ന് ഇരു പക്ഷത്തിനും ആശങ്കയുണ്ട്.
മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണലിനായി ഉദ്വേഗഭരിതമായ കാത്തിരിപ്പ് തുടരുന്നതിനിടെ അൻവർ പേടിയിൽ മുന്നണികൾ. പഞ്ചായത്ത് തിരിച്ച് ഭൂരിപക്ഷം പറയുമ്പോഴും യുഡിഎഫ് ക്യാംപിലടക്കം അൻവർ എത്ര വോട്ട് നേടിയെന്ന് വ്യക്തമായ ധാരണയില്ല. 25000 വോട്ട് നേടുമെന്നാണ് അൻവറിൻ്റെ അവകാശവാദം. എം സ്വരാജ് ജയിക്കുമെന്ന് പറയുമ്പോഴും വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയാൻ എൽഡിഎഫും തയ്യാറല്ല.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകൾ നിർണായകമാണ്. ഫലം എൽഡിഎഫിന് അനുകൂലമാകുമെന്ന് നടക്കുന്ന ചർച്ചകളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരുകളിൽ ഒന്ന് അമരമ്പലം പഞ്ചായത്തിൻ്റേത്. ഇടതുമുന്നണിക്ക് മിന്നുന്ന ലീഡ് കിട്ടുമെന്ന് അവകാശപ്പെടുന്ന പഞ്ചായത്താണിത്. പി.വി. അൻവർ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 2021ൽ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ ഇത്തവണ അതിനേക്കാളേറെ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തൽ. ഇതിനും മേലെയാണ് കരുളായി പഞ്ചായത്തിലെ വോട്ടർമാരിലുള്ള വിശ്വാസം. 2021ൽ കിട്ടിയത് 1446 വോട്ടിന്റെ ലീഡ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സ്വരാജ് ഇറങ്ങിയതോടെ ഇതിൽ നൂറ് വോട്ടെങ്കിലും കൂടുതൽ കിട്ടുമെന്ന് ഇടത് നേതാക്കൾ കണക്കുകൂട്ടുന്നു. പോത്തുകല്ലിലും നിലമ്പൂർ നഗരസഭയിലും ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നുണ്ട്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത് യുഡിഎഫ് ലീഡാണ്. കാരണം എണ്ണി തുടങ്ങുന്നത് വഴിക്കടവ് പഞ്ചായത്താണ്. 2021ൽ യുഡിഎഫിന് മേൽക്കൈയുള്ള മേഖലയിൽ അൻവർ പിടിച്ചത് 35 വോട്ടിന്റെ ലീഡ്. ഇത്തവണ പക്ഷേ യുഡിഎഫ് 1000 വോട്ട് വരെ വഴിക്കടവിൽ ലീഡ് പിടിക്കുമെന്ന് ഇടത് കേന്ദ്രങ്ങൾ തന്നെ കണക്ക് കൂട്ടുന്നു.
മൂത്തേടം പഞ്ചായത്താണ് യുഡിഎഫ് ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പഞ്ചായത്ത്. 2021ൽ യുഡിഎഫിന് പഞ്ചായത്തിൽ കിട്ടയത് 2331 വോട്ടിന്റെ ലീഡാണ്. ഇത്തവണ എന്തായാലും ലീഡ് 2500 കടക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക്. എടക്കര, ചുങ്കത്തറ പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്ത്. ലീഡ് കൂട്ടുന്നതോടെ സുരക്ഷിതമായ ജയം ഉറപ്പെന്ന് പറയുന്നു യുഡിഎഫ് ക്യാമ്പ് പറയുന്നു.
കണക്ക് കൂട്ടലുകൾ ഇങ്ങനെയൊക്കെ പോകുമ്പോൾ പി വി അൻവർ ഫാക്ടർ ചതിക്കുമോ എന്ന് ഇരു പക്ഷത്തിനും ആശങ്കയുണ്ട്. യുഡിഎഫ് കേന്ദ്രമായ വഴിക്കടവിൽ തുടങ്ങി എൽഡിഎഫ് കോട്ടയായ അമരമ്പലത്ത് വോട്ടെണ്ണി തീരുമ്പോൾ മിക്കവാറും ഒരു ത്രില്ലിങ് ക്ലൈമാക്സ് ആകും നിലമ്പൂരിൽ ഉണ്ടാകുക. 25000 ത്തിലധികം വോട്ട് നേടി മണ്ഡലത്തിലെ സ്വാധീനം തെളിയിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് പി വി അൻവർ. 9 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പി.വി അൻവർ അറിയിച്ചിട്ടുണ്ട്.
